
കൊച്ചി: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്റെ ഭാഗമായി യാഥാര്‍ഥ്യമാവുന്നത് രാജ്യത്ത് ആദ്യത്തെ എഐ (നിര്‍മിതബുദ്ധി) നിയന്ത്രിത ടെക് സിറ്റി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന ആഗോള നിലവാരത്തിലുള്ള സാങ്കേതിക കേന്ദ്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്ത് സാധാരണ രീതിയില്‍ നടപ്പാക്കുന്ന ഐടി പാര്‍ക്ക് വികസനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ ഒന്നാകും ഇന്‍ഫോപാര്‍ക്കില്‍ യാഥാര്‍ഥ്യമാവുക.
സംയോജിത എഐ നിയന്ത്രിത ടൗണ്‍ഷിപ്പാണ് ലക്ഷ്യമിടുന്നത്. ഐടിക്കു പുറമേ റെസിഡെന്‍ഷ്യല്‍, വാണിജ്യ മേഖലകളിലുള്‍പ്പെടെ ഇവിടെ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഐടി കെട്ടിടങ്ങള്‍ക്കുപുറമേ പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍പ്പിടളുകള്‍, ആശുപത്രി, ആംഫി തിയേറ്റര്‍, ബഹുനില പാര്‍ക്കിങ് എന്നിവയെല്ലാം ടൗണ്‍ഷിപ്പിലുണ്ടാവും. എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്്ഫോമായിരിക്കും. തത്സമയ ഡേറ്റ വിശകലനത്തിലൂടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും കഴിയും.
കാര്‍ബണ്‍ നെഗറ്റിവിറ്റിയും സുസ്ഥിരതയും ഉള്‍പ്പെടെയുള്ളവ എഐ ടൗണ്‍ഷിപ്പിന്റെ സവിശേഷതകളാവും. ഗതാഗതം, മാലിന്യസംസ്‌കരണം, മഴവെള്ള സംഭരണം, ജലത്തിന്റെ പുനരുപയോഗം തുടങ്ങിയവയിലെല്ലാം എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിനുവരെ ഐഎ സാങ്കേതികവിദ്യ ഉപയോഗിക്കും.
ആഗോള ടെക് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വന്‍കിട കമ്പനികളുടെ ഉപകേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളും (ജിസിസി) ഈ ടൗണ്‍ഷിപ്പിലേക്ക് എത്തും. 25,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. രണ്ടുലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും ആറുലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.
മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും
മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്ന എഐ ടൗണ്‍ഷിപ്പിനായി ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തില്‍ വിശദമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും.
300 ഏക്കറിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട് പ്രദേശങ്ങളില്‍ ലാന്‍ഡ് പൂളിങ് മാതൃകയില്‍ ഭൂമി കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് ഇന്‍ഫോപാര്‍ക്കിന് കൈമാറുന്നതിന് ജിസിഡിഎയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള ലാന്‍ഡ് പൂളിങ് നടപ്പാക്കാന്‍ ഇന്‍ഫോപാര്‍ക്കും ജിസിഡിഎയും ധാരണാപത്രവും ഒപ്പിട്ടു. ജിസിഡിഎ കണ്ടെത്തി നല്‍കുന്ന ഭൂമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുക.
അഞ്ചുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.