
ചെന്നൈ: സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ പോയിന്റ് -ഓഫ് – സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ പുറത്തിറക്കി.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, റീട്ടെയിലര്‍മാര്‍, സേവന ദാതാക്കള്‍ എന്നിവയുള്‍പ്പെടെ ബിസിനസ്-ടു-ബിസിനസ് (ബി2ബി) ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഉപകരണങ്ങള്‍. പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ ഉപയോഗിക്കുന്ന മെഷീനാണ് പോയിന്റ്-ഓഫ്-സെയില്‍ ഉപകരണം.
ഇതില്‍ സാധാരണയായി ഒരു കാര്‍ഡ് റീഡര്‍, ഒരു ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസ്, ഇടപാടുകള്‍ രേഖപ്പെടുത്തുകയും രസീതുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
കടകള്‍, റെസ്റ്റോറന്റുകള്‍, സര്‍വീസ് കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ ഈ ഉപകരണങ്ങള്‍ കാണപ്പെടുന്നു. സോഹോയുടെ ആറാട്ടൈ മെസേജിംഗ് ആപ്പ് ഈയിടെ വന്‍ സ്വീകാര്യത നേടിയിരുന്നു. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാനായി മന്ത്രിമാരും വ്യാവസായിക പ്രമുഖരും ഡൗണ്‍ലോഡ് ചെയ്തതോടെയാണിത്. വാട്‌സാപ്പിന് ബദലായിട്ടാണ് ആറാട്ടൈ വികസിപ്പിച്ചത്.
പിഒഎസ് ഹാര്‍ഡ്വെയറിലൂടെ, സോഹോ ഫിസിക്കല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. നേരത്തെ സോഫ്റ്റ്വെയര്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയായിരുന്നു പുറത്തിറക്കിയിരുന്നത്. യുഎസില്‍ സ്ഥാപിതമായി പിന്നീട് ചെന്നൈയിലേയ്ക്ക് പറിച്ചുനട്ട ചരിത്രമാണ് സോഹോയുടേത്.
ചെന്നൈയിലാണ് കമ്പനിയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശ്രീദര്‍ വെംബുവാണ് കമ്പനി സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും.