
മുംബൈ: കോടീശ്വരനായ ഗൗതം അദാനി അംബുജ സിമന്റ്‌സിൽ 20,000 കോടി രൂപ നിക്ഷേപിക്കും. നിക്ഷേപത്തോടെ അംബുജ സിമന്റ്‌സ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഹാർമോണിയ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റിന് 419 രൂപ നിരക്കിൽ 47. 75 കോടി വാറന്റുകൾ അനുവദിക്കും.
അതോടെ ഇത് 2008 ഒക്‌ടോബറിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇഷ്യൂ ചെയ്ത 16,824 കോടി രൂപയുടെ പ്രിഫറൻഷ്യൽ അലോട്ട്‌മെന്റിനെ മറികടന്ന് ഇന്ത്യൻ മൂലധന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രിഫറൻഷ്യൽ അലോട്ട്‌മെന്റായി മാറും. വാറന്റുകൾ അനുവദിച്ച് 18 മാസത്തിനുള്ളിൽ കമ്പനി ഇത് അംബുജയുടെ ഷെയറുകളാക്കി മാറ്റും. പരിവർത്തനം പൂർത്തിയാകുമ്പോൾ, അദാനിയുടെ അംബുജയിലെ ഓഹരി പങ്കാളിത്തം നിലവിലെ 63% ൽ നിന്ന് 70% ആയി വർദ്ധിക്കും.
2030-ഓടെ രാജ്യത്തെ ഏറ്റവും വലിയ സിമൻറ് നിർമ്മാതാവാകാൻ അദാനി ലക്ഷ്യമിടുന്നതിനാൽ ലയനങ്ങളും ഏറ്റെടുക്കലുകളും ഉൾപ്പെടെയുള്ള മൂലധന ചെലവ് ആവശ്യങ്ങൾക്കായി അംബുജ ഈ തുക വിനിയോഗിക്കും. 51,825 കോടി രൂപയ്ക്ക് സിമന്റ് കമ്പനികളെ ഏറ്റെടുത്തതിലൂടെ നിലവിൽ സിമന്റ് വിപണയിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. ഏറ്റെടുക്കൽ ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും സമാഹരിച്ചത് വിദേശ കടത്തിലൂടെയാണ് എന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
അംബുജയ്‌ക്കും എസിസിക്കും സംയുക്തമായി 67. 5 ദശലക്ഷം ടൺ വാർഷിക സിമന്റ് ഉൽപ്പാദന ശേഷി ഉണ്ട്. അതേസമയം അദാനി നേരിട്ടും അംബുജ വഴിയും എസിസിയിൽ ഏകദേശം 57 ശതമാനം ഓഹരി സ്വന്തമാക്കിയിട്ടുണ്ട്.