
ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ സുപ്രീംകോടതി നിയമിച്ച ആറംഗ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവെച്ച കവറിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചുവെന്ന വാർത്ത ഇക്കണോമിക് ടൈംസാണ് പുറത്ത് വിട്ടത്. മെയ് 12ന് കോടതി റിപ്പോർട്ട് പരിഗണിക്കുമെന്നാണ് സൂചന.
വിവാദം സംബന്ധിച്ച് അന്വേഷണം നടത്താൻ സെബിയോടും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതിന് പുറമേ ആറംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ജസ്റ്റിസ് എ.എം സപാരയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധന നടത്തിയത്. അതേസമയം, അവസാന റിപ്പോർട്ടാണോ സെബി സമർപ്പിച്ചത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
നേരത്തെ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടിരുന്നു. ആറ് മാസം കൂടി ആവശ്യമാണെന്നായിരുന്നു.
മെയ് രണ്ടിന് സെബി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.