
മുംബൈ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലുണ്ടായ തിരുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത 50 ശതമാനം ഓഹരികള്‍ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയിലേക്ക് ഇടിഞ്ഞു. ബിഎസ്‌ഇയിലെ അഞ്ചിലൊന്ന് ഓഹരികളാണ് ഒരു വര്‍ഷത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയത്.
ബിഎസ്‌ഇയില്‍ ലിസ്‌റ്റ് ചെയ്‌തതും സജീവമായി വ്യാപാരം ചെയ്യുന്നതുമായ 4270 ഓഹരികളില്‍ ഏകദേശം 2234 എണ്ണം ഈ മാസം 52 ആഴ്‌ചയിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. ഇവയില്‍ 445 ഓഹരികള്‍ എക്കാലത്തെയും താഴ്‌ന്ന വിലയിലേക്ക് ഇടിഞ്ഞു.
52 ആഴ്‌ചയിലെ താഴ്‌ന്ന നിലയിലെത്തിയ ഓഹരികളില്‍ ഏകദേശം 1000 എണ്ണം എ, ബി ഗ്രൂപ്പ് വിഭാഗങ്ങളിലുളളവയാണ്. ബാക്കി 2036 ഓഹരികളില്‍ ഏകദേശം 16 ശതമാനം, അതായത് 334 ഓഹരികള്‍, 52 ആഴ്‌ചയിലെ താഴ്‌ന്ന നിലയില്‍ നിന്ന് ഒന്ന് മുതല്‍ 10 ശതമാനം വരെ മാത്രം അകലെയാണ് വ്യാപാരം ചെയ്യുന്നത്.
കൂടാതെ, 414 ഓഹരികള്‍ 52 ആഴ്‌ചയിലെ താഴ്‌ന്ന നിലയില്‍ നിന്ന് 10-20 ശതമാനവും 294 ഓഹരികള്‍ 20-30 ശതമാനവും 356 ഓഹരികള്‍ 30-50 ശതമാനവും അകലെയാണ്.






