സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് ₹10 ലക്ഷം കോടിയുടെ വായ്പ

കൊച്ചി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് പത്തുലക്ഷം കോടിയോളം രൂപയുടെ വായ്‌പകൾ. കേന്ദ്രസർക്കാർ കഴിഞ്ഞവാരം പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം (2021-22)​ എഴുതിത്തള്ളിയത് 1.57 ലക്ഷം കോടി രൂപയുടെ വായ്‌പകളാണ്. 2020-21ൽ 2.02 ലക്ഷം കോടി രൂപയായിരുന്നു.

2019-20ൽ 2.34 ലക്ഷം കോടി രൂപയും 2018-19ൽ 2.36 ലക്ഷം കോടി രൂപയും എഴുതിത്തള്ളിയിരുന്നു. 1.61 ലക്ഷം കോടി രൂപയാണ് 2017-18ലെ കണക്ക്. 2017-22 കാലയളവിലെ ആകെ എഴുതിത്തള്ളൽ 9.91 ലക്ഷം കോടി രൂപയുടെ വായ്‌പകളാണെന്ന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കെ.കാരാഡ് പറഞ്ഞു.

കിട്ടാക്കടമായ വായ്‌പ ബാങ്കുകൾ എഴുതിത്തള്ളി (റൈറ്റ്-ഓഫ്)​ എന്നതിനർത്ഥം വായ്‌പ എടുത്തയാൾ ഇനി തിരിച്ചടയ്ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്‌പ ബാലൻസ് ഷീറ്റിൽ നിന്ന് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലൻസ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്.

തത്തുല്യതുക ലാഭത്തിൽ നിന്ന് വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്‌പ എടുത്തയാൾ പലിശസഹിതം വായ്‌പ തിരിച്ചടയ്ക്കുക തന്നെ വേണം,​ അല്ലെങ്കിൽ ബാങ്ക് നിയമനടപടിയെടുക്കും.
തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിട്ടും മനഃപൂർവം വായ്പാത്തിരിച്ചടവ് മുടക്കി മുങ്ങുന്നവർക്ക് ബാങ്കുകൾ നൽകുന്ന പട്ടമാണ് ‘വിൽഫുൾ ഡിഫോൾട്ടർ”. 2018-19 മുതൽ ബാങ്കുകൾ ഇവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഇന്ത്യയിൽ 10,​306 പേരാണ് പട്ടികയിലുള്ളത്. 2020-21ലാണ് റെക്കാഡ്; 2,​840 പേർ.

X
Top