
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആയിരുന്നത് മാറി. 1500 കോടി വായ്പ കിട്ടിയതും ദേശീയ സമ്പാദ്യ പദ്ധതിയിൽനിന്നുള്ള പണം എത്തിയതും സാമ്പത്തിക പ്രതിസന്ധിക്ക് അല്പം അയവ് വരുത്തിയിട്ടുണ്ട്. ഒരാഴ്ചയിൽ അധികം ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആയിരുന്നു.
ഓഗസ്റ്റ് ആദ്യം ശമ്പളം, പെൻഷൻ വിതരണം സുഗമമാക്കാൻ 1000 കോടി രൂപയുടെ കടപ്പത്രം കൂടി സർക്കാർ പുറപ്പെടുവിച്ചു. ഇവയുടെ ലേലം 25-ന് നടക്കും. ഇതോടെ, ഈ മാസം മാത്രം സർക്കാരിന് കടമെടുക്കേണ്ടിവരുന്നത് 5,500 കോടി രൂപയാണ്.
18-ന് 15 വർഷത്തേക്ക് 7.36 ശതമാനം പലിശയ്ക്ക് 1500 കോടി എടുത്തിരുന്നു. 11-ന് 1500 കോടിയും നാലിന് 2000 കോടിയും എടുത്തു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിലാണ് ഈ കടമെടുപ്പ്.
എന്നാൽ ചെലവുകൾക്ക് പണം ഇല്ലാത്തിനാൽ വായ്പാപരിധി അടുത്തു കൊണ്ടിരിക്കുകയാണ്. ഡിസംബർവരെ 15,390 കോടിയാണ് എടുക്കാവുന്നത്.
ഇനി 2890 കോടിയാണ് ഡിസംബർ വരെ ശേഷിക്കുന്നതെന്ന് ധനവകുപ്പ് അധികൃതർ പറഞ്ഞു.






