
കൊച്ചി: ബഹുരാഷ്ട്ര ഐടി കമ്പനിയായ സോഹോ കോർപറേഷൻ കൊട്ടാരക്കര ആരംഭിക്കുന്ന ക്യാംപസിന്റെ ലക്ഷ്യം എഐയിലും റോബട്ടിക്സിലും ഗവേഷണ വികസനം. റോബട്ടിക്സ് രംഗത്തുള്ള കമ്പനിയെ ഏറ്റെടുത്ത് അതിന്റെ പ്രവർത്തനവും കൊട്ടാരക്കരയിലേക്കു മാറ്റാനാണുദ്ദേശിക്കുന്നത്.
ഏതു കമ്പനിയെയാണ് ഏറ്റെടുത്തതെന്ന് ഉദ്ഘാടന ശേഷം പ്രഖ്യാപിക്കും. തുടക്കത്തിൽ 50 ടെക്കികളുള്ളത് വർഷാവസാനം 100 കവിയുമെന്നാണു കരുതുന്നതെന്ന് സോഹോ അറിയിച്ചു. 5 കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുമുണ്ട്.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഐടി ബിസിനസ് വിജയകരമായി നടത്താമെന്നു തെളിയിച്ച സോഹോ കോർപറേഷന്റെ ക്യാംപസ് ജൂലൈ 2നാണ് ആരംഭിക്കുന്നത്. കൊട്ടാരക്കരയിൽ ലക്ഷം ചതുരശ്രയടി വിസ്തീർണത്തിത്തിൽ ഐടി പാർക്ക് ഒരുക്കാനും പദ്ധതിയുണ്ട്. കെഐപി വക സ്ഥലം ഇതിനായി ഏറ്റെടുക്കും.
ഡ്രോൺ സ്റ്റാർട്ടപ്പുകൾക്കായി ടെസ്റ്റിങ് സൗകര്യങ്ങളുള്ള പ്രത്യേക പാർക്കും കൊട്ടാരക്കരയിലാണു സ്ഥാപിക്കുന്നത്.
തെങ്കാശി ക്യാംപസ് സന്ദർശിച്ച് സോഹോ ചെയർമാൻ ശ്രീധർ വേമ്പുവുമായി ചർച്ച നടത്തിയതുൾപ്പടെ കാര്യമായ പരിശ്രമം ഈ സംരംഭം കൊട്ടാരക്കരയിലേക്ക് കൊണ്ടു വന്നതിനു പിന്നിലുണ്ട്. വിജയിച്ചാൽ ഐടി വികസനത്തിന് സംസ്ഥാനത്തിനു തന്നെ പുതിയ മോഡലാകും.
കെ.എൻ.ബാലഗോപാൽ, ധനമന്ത്രി