
മട്ടാഞ്ചേരി: ഇന്ത്യൻ സ്റ്റുഡിയോ പോട്ടറി പ്രസ്ഥാനത്തിന് വഴിതെളിച്ച വിമൂ സാംഗ്‌വിയുടെ സ്മരണാർത്ഥം മട്ടാഞ്ചേരി ഒഇഡി ഗാലറിയിൽ ഒരുക്കിയിട്ടുള്ള ‘വിസ്‌പെറിംഗ് ക്ലേ’ ശില്പ പ്രദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ആർട് വാക്ക് സംഘടിപ്പിക്കുന്നു. ശനിയാഴ്ച് വൈകിട്ട് 4 മണിക്കും, ഞായറാഴ്ച രാവിലെ 11 മണിക്കും നടക്കുന്ന ആർട്ട് വാക്കിന് പ്രശസ്ത ക്യൂറേറ്റർ ഡോ. ക്രിസ്റ്റീൻ മൈക്കൽ നേതൃത്വം നൽകും.
ശില്പ കലയിലെ സൂക്ഷ്മതകളെ കുറിച്ചും വിമൂവിന്റെ കലാ ലോകത്തെ കുറിച്ചും ആഴത്തിൽ മനസ്സിലാക്കാൻ ആർട്ട് വാക്ക് അവസരമൊരുക്കും. കളിമൺ പാത്ര നിർമാണത്തെ ഉന്നതമായ ലളിതകലയുടെ ഭാഗമാക്കി മാറ്റിയ പ്രതിഭയായിരുന്നു വിമൂ സാംഗ്‌വി (1920–2017). ചെന്നൈയിലെ പ്രകൃതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്ന് മാസം നീളുന്ന പ്രദർശനത്തിൽ വിമൂവിന്റെ ജീവിത കാലത്തെ അഞ്ഞൂറോളം സൃഷ്ടികളിൽ നിന്ന് തിരഞ്ഞെടുത്ത 92 ശില്പങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിമൂ സാംഗ്‌വിയുടെ കേരളത്തിലെ ആദ്യ പ്രദർശനമാണിത്. പ്രദർശനത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ കളിമൺ ശില്പ കലയെക്കുറിച്ച് ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. വിമൂവിന്റെ മകനും പ്രമുഖ പത്ര പ്രവർത്തകനുമായ വീർ സാംഗ്‌വി വരും ദിവസങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. ചൊവ്വാഴ്ച അവധിയാണ്.






