
ആഗോളതലത്തിൽ വൈനിനെക്കാൾ വോഡ്ക, വിസ്കി തുടങ്ങിയ വീര്യം കൂടിയ മദ്യങ്ങൾ കൂടുതൽ വിറ്റഴിക്കപ്പെടുമെന്ന് റിപ്പോർട്ട്. വേൾഡ് സ്പിരിറ്റ്സ് അലയൻസ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ആൽക്കഹോൾ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡബ്ല്യുഎസ്ആർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ 2.67 ബില്യൺ കെയ്സ് സ്പിരിറ്റാണ് വിറ്റത്.
എന്നാൽ ഇതേ കാലയളവിൽ 2.8 ബില്യൺ കെയ്‌സ് വൈൻ മാത്രമാണ് വിറ്റു പോയത്. ഈ ട്രെൻഡ് ഈ വർഷവും തുടർന്നാൽ വൈനിനേക്കാൾ വീര്യം കൂടിയ മദ്യത്തിന് ആവശ്യക്കാര്‍ കൂടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിലകൂടിയ മദ്യത്തിന് ആവശ്യക്കാർ ഏറിയതും കോക്‌ടെയിലുകൾ പോലുള്ള മദ്യത്തിന്റെ വർദ്ധിച്ചു വരുന്ന ഉപഭോഗവും വൈനിനേക്കാൾ കൂടുതൽ സ്പിരിറ്റ് വിറ്റഴിക്കാൻ കാരണമായതായി എന്നാണ് വിലയിരുത്തൽ.
ഇതുമൂലം ആഗോളവിതരണത്തിൽ വൈൻ വ്യവസായത്തിന് കടുത്ത മാന്ദ്യം സംഭവിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ആവശ്യം കുറഞ്ഞതും കാലാവസ്ഥാ മാറ്റവും കാരണം വൈൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്.
27 വർഷത്തെ ഏറ്റവും കുറഞ്ഞ അളവിലാണ് വൈൻ വിറ്റഴിച്ചത്. 2022-ൽ 40 ശതമാനം സ്പിരിറ്റും, 38.1 ശതമാനം ബിയറും 17.6 ശതമാനം വൈനുമാണ് വിറ്റഴിച്ചത്.
ഇന്ത്യൻ വിസ്കി 2022 നും 2027 നും ഇടയിൽ അതിവേഗം വിറ്റഴിക്കപ്പെടുന്നസ്പിരിറ്റ് വിഭാഗത്തിൽപ്പെട്ട മദ്യമായി മാറുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടെക്വില, റം, ജിൻ എന്നിവയുടെ ആവശ്യക്കാരുടെ എണ്ണം ഒന്ന് മുതൽ രണ്ടുകോടി വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കോഗ്നാക്കും അർമാഗ്നാക്കും സ്പിരിറ്റ് വിപണിയിൽ ഏറ്റവും കുറഞ്ഞ വളർച്ച കൈവരിക്കുന്ന മദ്യവിഭാഗങ്ങളാണ്.
സ്പിരിറ്റിന്റെ ഉത്പാദനവും വിൽപ്പനയും വഴി 2022ൽ ആഗോള സമ്പദ് വ്യവസ്ഥയിൽ 750 ബില്ല്യൺ ഡോളറിന്റെ സംഭാവനയാണ് നൽകിയത്.