
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയുടെ കുതിപ്പുകണ്ട് വിയറ്റ്‌നാമിൽ നിന്ന് കടൽകടന്ന് നമ്മുടെ രാജ്യത്തെത്തിയ വാഹന നിർമാതാക്കളാണ് വിൻഫാസ്റ്റ്. വിപണിയെ കുറിച്ച് കൃത്യമായി പഠിച്ച്, രണ്ട് ഇലക്ട്രിക് എസ്‌യുവികളുമായി ഇന്ത്യയിൽ എത്തിയ ഈ കമ്പനിയുടെ കണക്കുകൂട്ടലുകൾ ഒട്ടും പിഴച്ചില്ലെന്നാണ് ഇതുവരെയുള്ള വിൽപ്പന നൽകുന്ന സൂചന. നിരത്തുകളിൽ എത്തി നാലുമാസം പിന്നിടുന്ന വിൻഫാസ്റ്റ് ഇതുവരെ 1000 യൂണിറ്റിന് മുകളിൽ വിൽപ്പന നേടിയതായാണ് റിപ്പോർട്ട്.
2025 സെപ്റ്റംബറിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഈ വിയറ്റ്‌നാമീസ് കമ്പനി 2025-ലെ നാല് മാസം കൊണ്ട് 830 യൂണിറ്റാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. എന്നാൽ, 2026 വിൻഫാസ്റ്റിന് പോസിറ്റീവ് തുടക്കമാണ് സമ്മാനിച്ചത്.
പുതുവർഷത്തിൽ ഇതുവരെയുള്ള ദിവസങ്ങളിൽ 200 യൂണിറ്റിന്റെ വിൽപ്പനയാണ് വിൻഫാസ്റ്റിന് ലഭിച്ചിരിക്കുന്നത്. 2026-ൽ ലഭിച്ചിട്ടുള്ള ഈ വിൽപ്പനയും കഴിഞ്ഞ വർഷം ലഭിച്ച സ്വീകാര്യതയും കൂടുതൽ മോഡലുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള ആത്മവിശ്വാസം വിൻഫാസ്റ്റിന് നൽകുമെന്നാണ് സൂചന.
കോംപാക്ട് എസ്‌യുവി ശ്രേണിയിൽ വിഎഫ്6, മിഡ് സൈസ് എസ്‌യുവിയിൽ വിഎഫ്7 എന്നീ രണ്ട് മോഡലുകളുമായാണ് വിൻഫാസ്റ്റ് ഇന്ത്യയിൽ പ്രവേശിച്ചത്. പുതുവർഷത്തിൽ നേടിയ വിൽപ്പനയിലൂടെ ടാറ്റ മോട്ടോഴ്‌സിനും ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെയും മഹീന്ദ്രയുടെയും തൊട്ടുപിന്നിലായി നാലാം സ്ഥാനത്താണ് വിൻഫാസ്റ്റ് ഇടംനേടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ 50,000 മുതൽ 1.5 ലക്ഷം യൂണിറ്റ് വരെ വാഹനങ്ങൾ ഒരുക്കാൻ സാധിക്കുന്ന അസംബ്ലി പ്ലാന്റാണ് വിൻഫാസ്റ്റിനുള്ളത്.
ഉപയോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുകളുമായായിരുന്നു വിൻഫാസ്റ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് വർഷത്തേക്ക് സൗജന്യ ചാർജിങ്, മൂന്ന് വർഷം ഫ്രീ മെയിന്റനൻസ് എന്നിവയായിരുന്നു ഇവ. വിഎഫ്6 എന്ന മോഡലിന് 16.49 ലക്ഷം രൂപയിലും വിഎഫ്7 എസ്‌യുവിക്ക് 20.89 ലക്ഷം രൂപയുമായിരുന്നു വിൻഫാസ്റ്റ് വാഹനങ്ങളുടെ പ്രാരംഭ വില.
201 ബിഎച്ച്പി പവറും 310 എൻഎം ടോർക്കുമേകുന്ന സിംഗിൾ മോട്ടോറാണ് വിഎഫ്6-ന് കരുത്തേകുന്നത്. 59.6 കിലോവാട്ട് ബാറ്ററി പാക്ക് നൽകിയിട്ടുള്ള ഈ വാഹനം ഒറ്റത്തവണ ചാർജിൽ 480 കിലോമീറ്റർ സഞ്ചരിക്കും.
അതേസമയം, സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സംവിധാനങ്ങളിൽ വിഎഫ്7 എത്തുന്നുണ്ട്. 59.6 കിലോവാട്ട്, 70.8 കിലോവാട്ട് ബാറ്ററിപാക്കുകളിൽ എത്തുന്ന ഈ വാഹനത്തിലും 480 കിലോമീറ്റർ റേഞ്ച് ലഭിക്കും.






