
തിരുവനന്തപുരം: ഭക്ഷണ വൈവിധ്യമൊരുക്കി യുഎസ്ടി തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാർ യമ്മി എയ്ഡ് 2025 ആഘോഷിച്ചു. യമ്മി എയ്ഡ് എന്ന പാചക ഉത്സവവും മത്സരവും അടങ്ങുന്ന വാർഷിക പരിപാടിയുടെ പന്ത്രണ്ടാം പതിപ്പാണ് നടത്തിയത്. യുഎസ്ടിയിലെ വനിതാ ജീവനക്കാരുടെ വികസനത്തിനും എക്സിക്യൂട്ടീവ് മെന്ററിംഗിനും സൗകര്യമൊരുക്കുന്ന സന്നദ്ധ സംഘടനയായ നൗ യു (നെറ്റ്‌വർക് ഓഫ് വിമൻ യുഎസ് അസോസിയേറ്റ്‌സ്) ആണ് ഈ വാർഷിക പാചക ഉത്സവ-ഫണ്ട് റൈസിംഗ് പരിപാടി സംഘടിപ്പിച്ചത്.
യുഎസ്ടി തിരുവനന്തപുരം ക്യാമ്പസിലെ ജീവനക്കാരുടെ വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാമ്പസിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശനത്തിനും വില്പനയ്ക്കും വച്ചത് 18 ടീമുകളാണ്. 6000-ൽ അധികം യുഎസ്ടി ജീവനക്കാർ സ്റ്റാളുകൾ സന്ദർശിച്ചു. ഇത്തവണത്തെ യമ്മി എയ്‌ഡിൽ ഭക്ഷണ വില്പനയിലൂടെ 321,464 രൂപ സമാഹരിച്ചു. സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ഈ ഫണ്ടുകൾ വിനിയോഗിക്കും.
ഈ സംരംഭത്തിൽ നൗ യു, യുഎസ്ടിയിലെ തന്നെ മറ്റൊരു കൂട്ടായ്മയായ കളർ റോസ് ടീമുമായും സി എസ് ആർ വിഭാഗമായും സഹകരിച്ചു പ്രവർത്തിക്കും. ഇതിനു പുറമേ, യു എസ് ടിയിലെ സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെടുന്ന, ചെറിയ കുട്ടികളുള്ള സിംഗിൾ അമ്മമാരുടെ ശാക്തീകരണത്തിനും പിന്തുണയ്ക്കും വേണ്ടി നൗ യു, വർക്ക്പ്ലേസ് മാനേജ്മെന്റ് ടീമുമായും സഹകരിക്കുന്നുണ്ട്. ജി എ മേനോൻ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 2020 മുതൽ യുഎസ്ടിയിലെ സപ്പോർട്ട് സ്റ്റാഫിന്റെ മികവ് കാണിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനു ആവശ്യമായ പിന്തുണ നൽകി വരുന്നുണ്ട്.






