
ഇത്തവണത്തെ കേന്ദ്ര ബജറ്റിന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. എന്നാൽ ഇത്തവണത്തെ ബജറ്റിൽ നിന്നും കേരളം നിരവധി കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
അടുത്തിടെ വന്ദേഭാരതില്‍ അടക്കം കേരളത്തിന് വലിയ പരിഗണന ലഭിച്ചിരുന്നു. ആ പരിഗണന കേന്ദ്ര ബജറ്റിലും ലഭിക്കുമെന്നാണ് മലയാളികൾ കരുതുന്നത്. ഏയിംസ് മുതല്‍ ശബരി റെയില്‍ വരെ കേരളത്തിന്‍റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്താണ് കേരളത്തിന്‍റെ പ്രതീക്ഷകൾ. നമുക്ക് വിശദമായി നോക്കാം.
പണം കിട്ടണം, എന്നാൽ കാര്യം നടക്കും
പ്രത്യേക ധനകാര്യ തിരുത്തല്‍ പാക്കേജ് ആണ് കേരളം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്ന്. കാരണം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ധനവകുപ്പ്. കേന്ദ്ര വായ്പാ നിയന്ത്രണങ്ങളും, ജിഎസ്ഡിപി എസ്റ്റിമേഷന്‍ രീതികളിലെ വ്യത്യാസങ്ങളും മൂലമുണ്ടായ വിടവ് നികത്താന്‍ സംസ്ഥാനം 21,000 കോടിയിലധികം രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചെന്നാണ് വിവരം.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നവീകരിച്ച എംജിഎന്‍ആര്‍ഇജിഎ- യുടെ (തൊഴിലുറപ്പ് പദ്ധതി) പുനഃസ്ഥാപനവും കേരളം ആഗ്രഹിക്കുന്നു. കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ജി റാം ജി പദ്ധതിയില്‍ സംസ്ഥാനം 40% ചെലവ് വഹിക്കേണ്ടതുണ്ട്. മുമ്പത്തെ 90:10 ഫണ്ടിംഗ് പാറ്റേണ്‍ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
എയിംസ് വരുമോ..?
കഴിഞ്ഞ കുറേ കാലമായി കേരളത്തിൽ ചർച്ചയാകുന്ന കാര്യമാണ് എയിംസ് എന്ന്, എവിടെ വരും എന്നത്. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങൾ എല്ലാം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇത്തവണത്തെ ബജറ്റിൽ ഇതിന് പരിഹാരം ഉണ്ടാകുമോ എന്നതാണ് വലിയ ആകാംഷ. അതോടൊപ്പം തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ പുനഃരുജ്ജീവനത്തിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജുകളും കേരളം പ്രതീക്ഷിക്കുന്നു.
നെല്ല്, വിഭവ സംഭരണങ്ങള്‍ മൂലമുണ്ടായ സപ്ലൈകോയുടെ കുടിശികകള്‍ തീര്‍ക്കുന്നതിനും, സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും 2,000 കോടി രൂപ. അതോടൊപ്പം വന്യജീവികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍, മരണങ്ങള്‍, വിളനാശം എന്നിവ നേരിടാന്‍ 1,000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെടുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി സ്തംഭിച്ചിരിക്കുന്നതിനാല്‍ കെ- റെയില്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുമോ എന്നും കണ്ടറിയണം.
ഞായറാഴ്ച അസാധാരണ ബജറ്റ് അവതരണം
ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.






