
ന്യൂഡല്‍ഹി: ഏകദേശം ഒമ്പത് മാസത്തിനുശേഷം യുകെ ലോകത്തിലെ ആറാമത്തെ വലിയ ഇക്വിറ്റി വിപണിയായി മാറി. ഇന്ത്യയെയാണ് അവര്‍ മറികടന്നത്. ഇടിഎഫുകളും എഡിആറു-കളും ഒഴികെയുള്ള യുകെയിലെ പ്രാഥമിക ലിസ്റ്റിംഗുകളുടെ സംയുക്ത വിപണി മൂലധനം ചൊവ്വാഴ്ച ഏകദേശം 3.11 ട്രില്യണ്‍ ഡോളറിലെത്തി.
ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ പ്രകാരം, അവരുടെ മൂല്യം ഇന്ത്യന്‍ വിപണിയേക്കാള്‍ ഏകദേശം 5.1 ബില്യണ്‍ ഡോളര്‍ കൂടുതലാണ്. സ്റ്റെര്‍ലിംഗിന്റെ ഇടിവിനെ തുടര്‍ന്ന് നിക്ഷേപകര്‍ ‘യുകെയില്‍ മികച്ച അവസരമാണ് കാണുന്നത്’ അബ്രഡനിലെ നിക്ഷേപ ഡയറക്ടര്‍ ജെയിംസ് അഥെ പറയുന്നു. കൂടാതെ സര്‍ക്കാറിന്റെ മികച്ച നയങ്ങളും സഹായകരമാകുന്നു.
എഫ്ടിഎസ്ഇ100 നിലവില്‍ ഫിനാന്‍ഷ്യല്‍, കമ്മോഡിറ്റീസ്, ഡിഫന്‍സീവ് സ്റ്റോക്കുകളുടെ മികച്ച സംയോജനമാണ്. കഴിഞ്ഞ വര്‍ഷം ആഗോള ഇക്വിറ്റികളെ മറികടന്നതിന് ശേഷം, യുകെയുടെ എഫ്ടിഎസ്ഇ 350 സൂചിക – എഫ്ടിഎസ്ഇ 100, എഫ്ടിഎസ്ഇ 250 സൂചികകളെ ഉള്‍ക്കൊള്ളുന്നു – ഈ വര്‍ഷം ഇതുവരെ 5.9 ശതമാനം നേട്ടം കൈവരിച്ചു. ഇതോടെ അവര്‍ എംഎസ്സിഐ ഓള്‍-കണ്‍ട്രി വേള്‍ഡിന്റെ 4.7 ശതമാനം വര്‍ദ്ധനയെ മറികടന്നു.
ബ്ലൂ-ചിപ്പ് എഫ്ടിഎസ്ഇ 100 റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് എഫ്ടിഎസ്ഇ 300 നെ നയിച്ചത്. സൂചിക ആദ്യമായി, കഴിഞ്ഞയാഴ്ച 8,000 പോയിന്റില്‍ എത്തി.
എന്നിട്ടും, യുകെ ഇക്വിറ്റി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഫ്രാന്‍സിന് പിന്നില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷമാണ് അവര്‍ക്ക് യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന സ്ഥാനം നഷ്ടപ്പെട്ടത്.
അദാനി ഗ്രൂപ്പ് ഓഹരികളുടെ ഇടിവും വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും കാരണം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുകയാണ്.
ഏഷ്യയിലെ ഏറ്റവും ധനികരായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഗ്രൂപ്പിന് ഏകദേശം 142 ബില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്ടമായി.
എംഎസ്സിഐ ഇന്ത്യ സൂചിക ഈ വര്‍ഷം 6.1 ശതമാനം ഇടിഞ്ഞു.






