
- തൊഴിൽ മേഖലയിലെ 88% പുതിയ നിയമനങ്ങൾക്കും ബിരുദ യോഗ്യത പ്രധാന മാനദണ്ഡമാകും
- യൂണിവേഴ്സിറ്റീസ് യുകെ പ്രസിദ്ധീകരിച്ച, ‘ജോബ്സ് ഓഫ് ദി ഫ്യൂച്ചർ’ ഓഗസ്റ്റ് 2023 റിപ്പോർട്ടിലേതാണ് വിവരങ്ങൾ
യുകെയുടെ തൊഴിൽ മേഖലയിൽ നിലവിലുള്ള 1.53 കോടി ബിരുദധാരികൾക്ക് പുറമെ 2035 ഓടെ രാജ്യത്തെ പുതുതലമുറ തൊഴിലവസരങ്ങൾ നികത്താൻ 1.1 കോടി ബിരുദധാരികളെ കൂടി ആവശ്യമായി വരുമെന്ന് പഠനം. കംപ്യൂട്ടിങ് & എൻജിനീയറിങ്, വിദ്യാഭ്യാസം, ടീച്ചിംഗ്, ആരോഗ്യപരിപാലനം തുടങ്ങി വ്യത്യസ്ത മേഖലകളിലാകും ഈ ഒഴിവുകൾ ഉണ്ടാവുക. തൊഴിൽ മേഖലയിൽ ബിരുദ യോഗ്യതയും വിദ്യാഭ്യാസ നിലവാരവും വരുന്ന ദശകത്തിൽ പ്രധാന മാനദണ്ഡമായി മാറുമെന്നും പഠനം വ്യക്തമാക്കുന്നു. 2035 ഓടെ രാജ്യത്തെ തൊഴിൽ മേഖലയിലെ 88% പുതിയ നിയമനങ്ങൾക്കും ബിരുദതലത്തിലുള്ള വിദ്യാഭ്യാസം നിർബന്ധമാകും. യൂണിവേഴ്സിറ്റീസ് യുകെ പ്രസിദ്ധീകരിച്ച, ‘ജോബ്സ് ഓഫ് ദി ഫ്യൂച്ചർ’ ഓഗസ്റ്റ് 2023 റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
കംപ്യൂട്ടിങ് & എൻജിനീയറിങ് മേഖലയിൽ ഉൾപ്പെടെ അടുത്ത 12 വർഷത്തിനുള്ളിൽ 19 ലക്ഷം STEM (സയൻസ്. ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) പ്രൊഫഷണലുകളെ യുകെയുടെ തൊഴിൽ മേഖലക്ക് ആവശ്യമായി വരും. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ ആരോഗ്യ പരിപാലന മേഖലയിൽ ഈവിധം ആവശ്യമായി വരുന്നത് 10 ലക്ഷം പ്രൊഫഷണലുകളെയാവും. യൂണിവേഴ്‌സിറ്റി & ഹയർ എജ്യുക്കേഷൻ ടീച്ചേഴ്സ് ഉൾപ്പെടെ 10 ലക്ഷം പുതിയ പ്രൊഫഷണലുകളെ അധ്യാപന, വിദ്യാഭ്യാസ മേഖലയിലും വേണ്ടി വരും. മെഡിക്കൽ ടെക്നിഷ്യൻസ്, ഒപ്റ്റിഷ്യൻസ്, ഹൗസിംഗ് ഓഫീസേഴ്‌സ്, യൂത്ത് & കമ്മ്യൂണിറ്റി വർക്കേഴ്സ് എന്നീ വിഭാഗങ്ങളിലായി ആരോഗ്യ, സാമൂഹ്യക്ഷേമ രംഗങ്ങളിൽ 12 ലക്ഷം പുതിയ അസോസിയേറ്റ് പ്രൊഫഷണലുകളെയാണ് 2035 ഓടെ രാജ്യം നിയമിക്കാൻ ഒരുങ്ങുന്നത്.
രാജ്യത്തെ തൊഴിൽ മേഖലയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിച്ചു വരുന്നെന്ന ശ്രദ്ധേയ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്. അടുത്ത 20 വർഷത്തേക്ക് രാജ്യത്തെ തൊഴിൽ മേഖലയിൽ ബിരുദം പ്രധാന മാനദണ്ഡമാകുന്ന തൊഴിലവസരങ്ങളുടെ എണ്ണം 10 ശതമാനമെങ്കിലും വർധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴിൽ മേഖലയിൽ ബിരുദ യോഗ്യതയും വിദ്യാഭ്യാസ നിലവാരവും പ്രധാന മാനദണ്ഡമായി മാറും. 2035 ഓടെ രാജ്യത്തെ തൊഴിൽ മേഖലയിലെ 88% പുതിയ നിയമനങ്ങളും ബിരുദ യോഗ്യത പ്രധാന മാനദണ്ഡമായ തരത്തിൽ ഉള്ളവയായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
സ്കോട്ലൻഡ് മേഖലയിൽ 2035 ഓടെ തൊഴിൽ രംഗത്ത് 9 ലക്ഷത്തോളം ബിരുദധാരികളെ ആവശ്യമായി വരുമെന്നും 86% പുതിയ നിയമനങ്ങൾക്കും ബിരുദ യോഗ്യത പ്രധാന മാനദണ്ഡമാകുമെന്നും പഠനം പറയുന്നു. നോർത്തേൺ അയർലാൻഡ് തൊഴിൽ മേഖലയിൽ 2.9 ലക്ഷത്തോളം ബിരുദധാരികളെ ഇക്കാലയളവിൽ ആവശ്യമായി വരും; 83% പുതിയ നിയമനങ്ങൾക്കും ബിരുദ യോഗ്യത നിർബന്ധമാകും. വെയ്ൽസിൽ ഇത് യഥാക്രമം 4 ലക്ഷം, 95% എന്നിങ്ങനെയാകും. ഇംഗ്ലണ്ടിൽ നോർത്ത് ഈസ്റ്റ്, യോർക്ക്ഷെയർ മേഖലകളിൽ 90%ലധികം പുതിയ നിയമനങ്ങൾക്കും ബിരുദ യോഗ്യത പ്രധാന മാനദണ്ഡമാകും. നോർത്ത് ഈസ്റ്റ് – 3.3 ലക്ഷം, നോർത്ത് വെസ്റ്റ് – 10 ലക്ഷം, യോർക്ക്ഷെയർ – 7.5 ലക്ഷം, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് – 6.5 ലക്ഷം, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് – 8.5 ലക്ഷം, ഈസ്റ്റ് – 10 ലക്ഷം, സൗത്ത് ഈസ്റ്റ് – 15 ലക്ഷം, സൗത്ത്‌വെസ്റ്റ് – 9.5 ലക്ഷം എന്നിങ്ങനെ വിവിധ റീജിയനുകളിലെ തൊഴിൽ രംഗത്ത് 2035 ഓടെ ബിരുദധാരികളെ ആവശ്യമായി വരുമെന്നും പഠനം വ്യക്തമാക്കുന്നു.