Alt Image
കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆

എസ്ബിഐയുടെ രണ്ട് ഉപകമ്പനികള്‍ കൂടി ഓഹരി വിപണിയിലേക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കായ എസ്ബിഐയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ കൂടി ഓഹരി വിപണിയിലേക്ക്.

എസ്ബിഐ പേയ്‌മെന്റ്‌സ് ലിമിറ്റഡ്, എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവയുടെ പ്രാരംഭ ഓഹരി വില്‍പന (IPO) അടുത്ത 12-18 മാസത്തിനകം നടത്താനാണ് എസ്ബിഐ തയ്യാറെടുക്കുന്നത്.

എസ്ബിഐ പേയ്‌മെന്റ്‌സിന് നിലവില്‍ 45,000 കോടി രൂപയും എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിന് 30,000 കോടി രൂപയും മൂല്യം (Valuation) കല്‍പ്പിക്കുന്നുണ്ട്. പേയ്‌മെന്റ്‌സ് രംഗത്തെ വലിയ കമ്പനികളിലൊന്നാണ് എസ്ബിഐ പേയ്‌മെന്റ്‌സ്. മികച്ച ലാഭം നേടുന്നുമുണ്ട്.

ഇതേ മികവുകള്‍ ജനറല്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിനുമുണ്ട്. അതുകൊണ്ട്, ഇവയുടെ ലിസ്റ്റിംഗ് എസ്.ബി.ഐയുടെ മൂല്യത്തിലും വലിയ കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.

കമ്പനികളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് മൂലധന ഘടനയുടെ (Capital Structure) ഭാഗമാണെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ വ്യക്തമാക്കിയതായി ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാപ്പനീസ് കമ്പനിയായ ഹിറ്റാചി പേയ്‌മെന്റ്‌സ് സര്‍വീസസുമായി കൈകോര്‍ത്ത് എസ്.ബി.ഐ 2019ല്‍ സ്ഥാപിച്ചതാണ് എസ്.ബി.ഐ പേയ്‌മെന്റ്‌സ്. 74 ശതമാനമാണ് എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം. ബാക്കി ഹിറ്റാചിക്കും.

വ്യാപാരികള്‍ക്ക് പേയ്‌മെന്റ്‌സ് ടച്ച്‌പോയിന്റ് സൗകര്യം ലഭ്യമാക്കുന്ന എസ്.ബി.ഐ പേയ്‌മെന്റ്‌സിന് 2023 മാര്‍ച്ചിലെ കണക്കുപ്രകാരം മാത്രം 29.3 ലക്ഷം ടച്ച്‌പോയിന്റുകളുണ്ട്. 11.4 ലക്ഷം പി.ഒ.എസ് മെഷീനുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. 159 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കമ്പനിയുടെ ലാഭം.

എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിനെ 2019ല്‍ ഐ.പി.ഒ വഴി ലിസ്റ്റ് ചെയ്യാന്‍ എസ്.ബി.ഐ ആലോചിച്ചിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം തുടര്‍നടപടി എടുത്തിരുന്നില്ല.

കമ്പനിയില്‍ 69.95 ശതമാനമാണ് എസ്.ബി.ഐയുടെ ഓഹരി പങ്കാളിത്തം. 2022-23ല്‍ 184 കോടി രൂപ ലാഭം കമ്പനി നേടിയിരുന്നു. ഏകദേശം 11,000 കോടി രൂപയുടെ പ്രീമിയം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

എസ്.ബി.ഐക്ക് പുറമേ മറ്റ് ഉപകമ്പനികളായ എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്, എസ്.ബി.ഐ ലൈഫ് എന്നിവ നിലവില്‍ തന്നെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയാണ്.

X
Top