
മുംബൈ: അദാനി അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കാനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതിനെതിരെ സമർപ്പിച്ച ഹർജി കീഴ്ക്കോടതി തള്ളിയ പശ്ചാത്തലത്തിൽ വൈകാതെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‍ലിങ് കമ്പനിയായ സെലിബി.
ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ചാണ് സെലിബിയുമായുള്ള (ടർക്കിഷിൽ ചെലെബി) സഹകരണം അദാനി ഗ്രൂപ്പ് അവസാനിപ്പിച്ചത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെ ഭീകരരുടെ താവളങ്ങളിലാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂറിനെ പരസ്യമായി അപലപിച്ച തുർക്കി, പാക്കിസ്ഥാന് പിന്തുണയും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ടർക്കിഷ് കമ്പനികൾക്കെതിരെ കേന്ദ്രം നടപടിയെടുത്തത്.
ഇതിന്റെ ചുവടുപിടിച്ച് സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി (BCAS) അടിയന്തരമായി പിൻവലിക്കുകയായിരുന്നു. തുടർന്നാണ് സെലിബിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പും പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന തിരുവനന്തപുരം ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ സെലിബിയുടെ പ്രവർത്തന സാന്നിധ്യമുണ്ടായിരുന്നു. 10,000 ജീവനക്കാരുമുണ്ട്. 2022 നവംബറിലായിരുന്നു കമ്പനിക്ക് ഇന്ത്യയിൽ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്.
ടർക്കിഷ് കമ്പനിയായ സെലിബിയുമായുള്ള സഹകരണം അവസാനിപ്പിച്ചതിന് പിന്നാലെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് രംഗത്തേക്ക് കടക്കാൻ അദാനി എയർപോർട് ഹോൾഡിങ്സ് ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളാണ് ലക്ഷ്യം. ഈ രണ്ടു വിമാനത്താവളങ്ങളും കേരളത്തിലെ തിരുവനന്തപുരവും നവി മുംബൈയിലെ നിർദിഷ്ട വിമാനത്താവളവും ഉൾപ്പെടെ രാജ്യത്തെ 8 വിമാനത്താവളങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള കമ്പനിയാണ് അദാനി എയർപോർട് ഹോൾഡിങ്സ്.





