
ആലപ്പുഴ: യുഎസ് ഇറക്കുമതി തീരുവ കൂട്ടിയതോടെ ക്രിസ്മസ്, പുതുവത്സര വിപണിയിൽ കയർ മേഖലയ്ക്കു കോടികളുടെ നഷ്ടം. ഡിസംബർ, ജനുവരി മാസങ്ങളിൽ യുഎസിലേക്കു മാത്രം 500 കോടിയിലേറെ രൂപയുടെ കയർ ഉൽപന്നങ്ങളാണ് കയറ്റി അയച്ചിരുന്നത്. തീരുവ വർധനയെ തുടർന്ന് ഇത് അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്തു നിന്നുള്ള കയർ കയറ്റുമതിയിൽ 60% യുഎസിലേക്കാണ്.
വിദേശ രാജ്യങ്ങളിൽ ക്രിസ്മസ്, പുതുവത്സര സീസണിലാണു കൂടുതൽ കയർ ഉൽപന്നങ്ങൾ വിൽക്കപ്പെടുന്നത്. യുഎസിലെ ക്രിസ്മസ്, പുതുവത്സര വിപണിക്കു വേണ്ടി പ്രത്യേക ഡിസൈനുകളിലുള്ള ഉൽപന്നങ്ങളും തയാറാക്കുന്നുണ്ട്. ഇത്തരം ഡിസൈനുകൾ യൂറോപ്പ് ഉൾപ്പെടെയുള്ള മറ്റു ഭാഗങ്ങളിലേക്കു കയറ്റി അയയ്ക്കാനും കഴിയില്ല.
ഇതിനകം നിർമിച്ച ഏകദേശം 150 കോടിയോളം രൂപയുടെ ഉൽപന്നങ്ങൾ വിവിധ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ക്രിസ്മസ് സീസൺ കഴിഞ്ഞാൽ ഇവ വിൽക്കാനുമാകില്ല.
കേരളത്തിൽ നിന്നു യുഎസിലേക്കു ചരക്ക് എത്തിക്കാൻ ചുരുങ്ങിയത് ഒന്നര മാസത്തോളമെടുക്കും.
ഫലത്തിൽ, തീരുവയിൽ ഇളവു ലഭിച്ചാലും കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ യുഎസിൽ എത്തുമ്പോഴേക്കും പ്രധാന സീസൺ കഴിയും. കയറ്റുമതി അനിശ്ചിതത്വത്തിലായതോടെ ഉൽപാദനം കുറച്ചിട്ടുണ്ടെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ സാജൻ ബി.നായർ പറഞ്ഞു.






