
കൊച്ചി: അത്യാഡംബര കാര് കമ്പനിയായ ലംബോര്ഗിനിയുടെ സ്ഥാപകന് ഫെറൂചിയോ ലംബോര്ഗിനിയുടെ മകന് ടൊനിനോ ലംബോര്ഗിനി കേരളത്തില് വന് തോതില് മുതല്മുടക്കാന് ഒരുങ്ങുന്നു.
ആഡംബര ഉത്പന്നങ്ങളുടെ നിര്മാണവും വിതരണവും ഹോട്ടല്, സൂപ്പര് ലക്ഷ്വറി പാര്പ്പിട സമുച്ചയം എന്നീ മേഖലകളിലാണ് നിക്ഷേപം ആലോചിക്കുന്നതെന്ന് ഇറ്റലി ആസ്ഥാനമായ ടൊനിനോ ലംബോര്ഗിനി ഗ്രൂപ്പിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടൊനിനോ ലംബോര്ഗിനി പറഞ്ഞു. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പദ്ധതികള് വിലയിരുത്തിയ ശേഷമേ എത്ര തുക നിക്ഷേപിക്കുകയെന്ന് പറയാനാകൂവെന്നും ടൊനിനോ വ്യക്തമാക്കി. മലയാളിയായ സുഹൃത്ത് ഉസ്മാന് റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലെത്തിയതാണ് ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും. യു.എ.ഇ.യില് വ്യവസായിയും ടൊനിനോ ലംബോര്ഗിനിയുടെ ഇന്ത്യ-യു.എ.ഇ. ബ്രാന്ഡ് അംബാസഡറുമാണ് ഉസ്മാൻ.
1981-ലാണ് ടൊനിനോ ലംബോര്ഗിനി ആഡംബര ഉത്പന്നനിര അവതരിപ്പിക്കാന് തുടങ്ങിയത്. വാച്ച്, കണ്ണട, ലെതര് ഉത്പന്നങ്ങള് എന്നിവയില് തുടങ്ങി സ്മാര്ട്ട് ഫോണ് വരെ അവതരിപ്പിച്ചു. 1.75 ലക്ഷം രൂപയിലാണ് ടൊനിനോ ലംബോര്ഗിനി ഫോണുകളുടെ വില തുടങ്ങുന്നത്.
ലംബോര്ഗിനി കാര് കമ്പനിയുടെ ഉടമസ്ഥത ടൊനിനോയുടെ കുടുംബത്തിനില്ല. ടൊനിനോയുടെ പിതാവ് ഫെറൂചിയോ ലംബോര്ഗിനി 1963-ല് തുടങ്ങിയ ആഡംബര സ്പോര്ട്സ് കാര് കമ്പനിയാണ് ഓട്ടോമൊബീല് ലംബോര്ഗിനി.
പ്രതിസന്ധികളെത്തുടര്ന്ന് 1973-ല് അദ്ദേഹം കമ്പനി വിറ്റു. ഇപ്പോള് ഔഡി-ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.






