
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം നിലനിൽക്കുമ്പോഴും, ഇന്ത്യൻ പ്രാഥമിക ഓഹരി വിപണി സജീവമാകുന്നു. ഈ ആഴ്ചയിൽ ആകെ 2,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് ഐപിഒകളാണ് വിപണിയിലെത്തുന്നത്. ഇതിൽ രണ്ട് മെയിൻബോർഡ് ഇഷ്യൂകളും ഒരു എസ്എംഇ ഇഷ്യൂവും ഉൾപ്പെടുന്നു.
ഐപിഒകൾ ഇവ
ജിഎസ്പി ക്രോപ്പ് സയൻസ് (GSP Crop Science): അഗ്രോകെമിക്കൽ കമ്പനിയായ ജിഎസ്പി ക്രോപ്പ് സയൻസിന്റെ 400 കോടി രൂപയുടെ ഐപിഒ ഇന്ന് (മാർച്ച് 16) ആരംഭിച്ചു. 304-320 രൂപയാണ് പ്രൈസ് ബാൻഡ്. ഇതിൽ 240 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടർമാരുടെ 160 കോടി രൂപയുടെ ഒഎഫ്എസും (OFS) ഉൾപ്പെടുന്നു. ആങ്കർ നിക്ഷേപകരിലൂടെ കമ്പനി ഇതിനകം 120 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് (CMPDI): ഈ ആഴ്ചയിലെ ഏറ്റവും വലിയ ഇഷ്യൂവാണിത്. മാർച്ച് 20 ന് ആരംഭിക്കുന്ന ഈ പബ്ലിക് ഇഷ്യൂവിലൂടെ 1,838 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. പ്രൊമോട്ടറായ കോൾ ഇന്ത്യയുടെ ഒഎഫ്എസ് മാത്രമാണിത്. 163-172 രൂപയാണ് ഇതിന്റെ പ്രൈസ് ബാൻഡ്.
നോവസ് ലോയൽറ്റി (Novus Loyalty): മാർച്ച് 17 ന് ആരംഭിക്കുന്ന 60.15 കോടി രൂപയുടെ ഐപിഒ എസ്എംഇ വിഭാഗത്തിലുള്ളതാണ്. 139-146 രൂപയാണ് ഇതിന്റെ വില.
കൂടാതെ, കഴിഞ്ഞ ആഴ്ച 120 ഇരട്ടി സബ്‌സ്‌ക്രിപ്‌ഷൻ നേടിയ അപ്സിസ് ഏറോകോം (Apsis Aerocom) മാർച്ച് 18 ന് എൻഎസ്ഇ എമർജിൽ ലിസ്റ്റ് ചെയ്യും. അതേസമയം, നിക്ഷേപകരിൽ നിന്ന് കുറഞ്ഞ പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ഇനോവിഷൻ (Innovision) തങ്ങളുടെ ഐപിഒ കാലാവധി മാർച്ച് 17 വരെ നീട്ടിയിട്ടുണ്ട്.
വിപണിയില്‍ യുദ്ധഭീതി അടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകർ വളരെ ശ്രദ്ധാപൂര്‍വമാണ് ഈ ഐപിഒകളുടെ പ്രകടനം വീക്ഷിക്കുന്നത്.






