
കൊച്ചി: ഹിന്ദുസ്ഥാൻ യൂണീലിവറിന്റെ 92 വർഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മേധാവി എത്തുകയാണ്. എന്നാല്‍, പ്രിയാ നായരെ പോലെ അധികംപേർ ഇന്ത്യയിലെ കോർപ്പറേറ്റ് കമ്ബനികളുടെ തലപ്പത്ത് ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ (എൻഎസ്‌ഇ) ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ 200 കമ്ബനികളുടെ നിരയില്‍ (നിഫ്റ്റി 200) വനിതകള്‍ എംഡിയും സിഇഒയുമായുള്ളത് വെറും ഒൻപത് എണ്ണത്തില്‍ മാത്രം.
നിഫ്റ്റി 50 കമ്ബനികളില്‍ ഇത് വെറും രണ്ടും നിഫ്റ്റി 100 കമ്ബനികളില്‍ മൂന്നുമാണുള്ളത്. ‘നിഫ്റ്റി 500’ സൂചികയെടുത്താല്‍ എംഡിയും സിഇഒയുമായ സ്ത്രീകളുടെ എണ്ണം 24 മാത്രമാണ്. അതായത് അഞ്ച് ശതമാനത്തിനും താഴെ.
കമ്പനികളുടെ തലപ്പത്ത് സ്ത്രീകളുടെ സാന്നിധ്യം ശക്തമാക്കുമെന്ന് പല കമ്പനികളും പറയുന്നെങ്കിലും കഴിഞ്ഞ 10 വർഷത്തെ കണക്കുകള്‍ എടുത്താല്‍ കാര്യമായ മുന്നേറ്റം കാണിക്കാനില്ല.
2015-16 സാമ്ബത്തിക വർഷത്തിലാണ് സ്ത്രീസാന്നിധ്യം ഉയർന്ന നിലയില്‍ കാണുന്നത്. അന്ന് ‘നിഫ്റ്റി 200’ കമ്ബനികളില്‍ 12 എണ്ണത്തിലാണ് സ്ത്രീകള്‍ തലപ്പത്തുണ്ടായിരുന്നത്. പിന്നീട് ഒരിക്കലും ഈ കണക്ക് ഭേദിച്ചില്ല.
മുൻഗണനാ സാധ്യതകളുള്ള സ്ത്രീകളെ നിലനിർത്താനും പിന്തുണയ്ക്കാനുമുള്ള നയങ്ങളുടെ അഭാവമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ മാർക്കറ്റിങ്, എച്ച്‌ആർ അല്ലെങ്കില്‍ ബ്രാൻഡിങ് പോലുള്ള ജോലികളിലാണ് സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ പലപ്പോഴും സിഇഒ റോളിലേക്കുള്ള നേരിട്ടുള്ള വഴികളല്ല.