
ആലപ്പുഴ: ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സർക്കാർ ആശുപത്രികളില്‍ കുത്തനെ കുറഞ്ഞു. ഇവയുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കർശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം കുറയ്ക്കാനായത്.
ഇതോടെ സാമ്ബത്തികവർഷം തീരാറായിട്ടും സർക്കാർ ആശുപത്രി ഫാർമസികളില്‍ ആന്റിബയോട്ടിക് മിച്ചമിരിക്കുകയാണ്.
മുൻപ് ജനുവരി-ഫെബ്രുവരി മാസത്തോടെ മിക്ക ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ തീരും. പിന്നീട് കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍.) എത്തിക്കുകയായിരുന്നു പതിവ്. ഇക്കുറി അതു വേണ്ടിവരില്ല. സംസ്ഥാനമൊട്ടാകെ ആന്റിബയോട്ടിക് ഉപയോഗം 33 ശതമാനം കുറഞ്ഞതാണു കാരണം.
നിലവില്‍ ആശുപത്രികളില്‍ സാധാരണ മരുന്നുകളാണ് തീർന്നത്. ഇവ തദ്ദേശസ്ഥാപനങ്ങളുടെയും ആശുപത്രി വികസനസമിതികളുടെയും ഫണ്ടുപയോഗിച്ചു വാങ്ങി പ്രശ്നം പരിഹരിക്കുന്നുണ്ട്.
ആന്റിബയോട്ടിക്കുകള്‍ മിച്ചമായതോടെ ഈയിനത്തില്‍ സാമ്ബത്തിക ലാഭവുമേറെയാണ്.
വേണ്ടതിനും വേണ്ടാത്തതിനും മരുന്നുകഴിക്കുന്ന ശീലമൊഴിവാക്കാൻ മലയാളിക്കു ബോധവത്കരണം നല്‍കിയതും ഡോക്ടർമാർ സ്വയം നിയന്ത്രണമേർപ്പെടുത്തിയതും ഗുണം ചെയ്തു.
രോഗികള്‍ക്കു തിരിച്ചറിയാനായി നീലക്കവറിലും നല്‍കിത്തുടങ്ങി. കുറിപ്പടിയില്ലാതെ മരുന്നുനല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കർശന നടപടിയെടുത്തതും ഉപയോഗം കുറയ്ക്കാൻ സഹായിച്ചു.
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗംമൂലം പലരോഗങ്ങളെയും പ്രതിരോധിക്കാനാകാത്ത സ്ഥിതിയായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന അതിനെ കണ്ടതോടെയാണ് സംസ്ഥാനവും കർശന നടപടിയിലേക്കു കടന്നത്.
അതിന്റെ ഭാഗമായി ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് (എ.എം.ആർ.) പരിപാടിയും ബോധവത്കരണവും സംഘടിപ്പിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖയും പുറത്തിറക്കി.
മനുഷ്യർക്കുപുറമേ മൃഗങ്ങളുടെയും പക്ഷികളുടെയും വളർത്തലുമായി ബന്ധപ്പെട്ടുള്ള ആന്റിബയോട്ടിക്് ദുരുപയോഗം തടയാനും നടപടിയെടുത്തു.
അടുത്തഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളിലേക്ക്
സ്വകാര്യ ആശുപത്രികളിലെ ആന്റിബയോട്ടിക് ദുരുപയോഗം തടയുകയാണ് അടുത്തലക്ഷ്യം.
ബോധവത്കരണത്തിലൂടെയും മാർഗനിർദേശങ്ങള്‍ കർശനമാക്കിയും അവരെയും ഇതിന്റെ ഭാഗമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.