
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളിലെ അസന്തുലിതാവസ്ഥ വീണ്ടും വ്യക്തമാക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച 2026-27 വർഷത്തെ കേരള ബജറ്റ്. കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ റവന്യു വരവ് 1,82,972.10 കോടി രൂപയായിരിക്കുമ്പോൾ റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ 34,586.66 കോടി രൂപയുടെ റവന്യു കമ്മിയാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തിന്റെ റവന്യു വരവ് 1,37,082.61 കോടിയും ചെലവ് 1,73,971.80 കോടിയുമായിരുന്നു. 36,889.19 കോടി രൂപയായിരുന്നു കഴിഞ്ഞ തവണക്കെ റവന്യു കമ്മി.
മൂലധന ചെലവിൽ ഇത്തവണ 19,384.86 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പകളും മുൻകൂർ ഇടപാടുകളും ചേർത്തുനോക്കുമ്പോൾ 1,447.99 കോടി രൂപയുടെ നെഗറ്റീവ് ബാലൻസാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്.
അതേസമയം, സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊതു കടം 51,378.49 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഇത് 49908.80 കോടി രൂപയായിരുന്നു. പൊതു കണക്ക് ഇനത്തിൽ 4,000 കോടി രൂപയുടെ വരവാണ് കണക്കാക്കിയിരിക്കുന്നത്.
എല്ലാ ഇനങ്ങളും ചേർത്തുനോക്കുമ്പോൾ ബജറ്റിൽ 41.01 കോടി രൂപയുടെ ആകെ കുറവ് തുടരുന്നുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ അക്കൗണ്ടുകളിലെ ക്രമീകരണങ്ങൾക്ക് ശേഷം അവസാന ബാക്കിയായി 1,773.46 കോടി രൂപയുടെ നെഗറ്റീവ് ബാലൻസാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
വരുമാനക്കുറവും കടബാധ്യതയും തുടർച്ചയായി വർധിക്കുന്ന പശ്ചാത്തലത്തിൽ, വികസന ചെലവുകളും സാമൂഹ്യക്ഷേമ പദ്ധതികളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതാണ് സംസ്ഥാന സർക്കാരിന് മുന്നിലെ വലിയ വെല്ലുവിളി.






