
മുംബൈ: വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ ഇനി കോടതിയുടെ അനുമതി ആവശ്യമില്ല. പോലീസിന് പരിശോധിക്കാൻ അനുമതി നൽകുന്ന ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി.
അന്വേഷണത്തിന്റെ ഭാഗമായി എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നേരിട്ട് ബാങ്കിൽ നിന്ന് രേഖകൾ പരിശോധിക്കാം. സർക്കാർ ചുമതലപ്പെടുത്തുന്ന മറ്റ് അന്വേഷണ ഉദ്യോഗസ്ഥർക്കും അതിന് കഴിയും.
നിലവിലെ നിയമപ്രകാരം കോടതി ഉത്തരവിലൂടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാങ്ക് രേഖകൾ ലഭിക്കൂ. നീണ്ട കോടതി നടപടികൾക്കായി കാത്തിരിക്കേണ്ടതില്ല എന്നതാണ് നേട്ടം. ബാങ്ക് രേഖകൾ പരിശോധിക്കാനോ അവയുടെ പകർപ്പുകൾ ആവശ്യപ്പെടാനോ പോലീസിന് കഴിയും.
ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരെ വിമർശനമുയർന്നത്. ബാങ്ക് രേഖകൾ കോടതിയുടെ അനുമതിയില്ലാതെ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് സ്‌റ്റേറ്റുമെന്റ് വഴി വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ അറിയാം.
ചികിത്സാ രേഖകൾ: ആശുപത്രിച്ചലവുകളിലൂടെ രോഗവിവരങ്ങൾ അറിയാം.
രാഷ്ട്രീയവും സംഘടനപരവുമായ ബന്ധങ്ങൾ: രാഷ്ട്രീയ പാർട്ടികൾക്കോ യൂണിയനുകൾക്കോ നൽകുന്ന വിഹിതം.
മതപരമായ താത്പര്യങ്ങൾ: ആരാധനാലയങ്ങളിലേക്കുള്ള സംഭാവനകൾ.
ജീവിതശൈലിയും ബന്ധങ്ങളും: യാത്രകൾ, സബ്സ്‌ക്രിപ്ഷനുകൾ, മറ്റ് സാമ്പത്തികച്ചെലവുകൾ.
പുതിയ നിർവചനപ്രകാരം താഴെ പറയുന്നവ ‘ബാങ്കേഴ്സ് ബുക്ക്സി’ന്റെ പരിധിയിൽ വരും:
പരമ്പരാഗത രീതിയിലുള്ള ലെഡ്ജറുകൾ, ഡേ-ബുക്കുകൾ, ക്യാഷ് ബുക്കുകൾ, അക്കൗണ്ട് പുസ്തകങ്ങൾ.
ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള എല്ലാ ഡാറ്റാ ശേഖരങ്ങളും.
ഓൺസൈറ്റ് (Onsite) രേഖകൾക്ക് പുറമെ, ഓഫ്സൈറ്റ് (Offsite), വെർച്വൽ (Virtual) അല്ലെങ്കിൽ ക്ലൗഡ് (Cloud) ലൊക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ.
ബാക്കപ്പ് (Back-up) അല്ലെങ്കിൽ ഡിസാസ്റ്റർ റിക്കവറി സൈറ്റുകളിൽ (Disaster recovery site) സൂക്ഷിച്ചിട്ടുള്ള രേഖകൾ.
ഡിജിറ്റൽ രേഖകൾ കോടതിയിൽ തെളിവായി സ്വീകരിക്കണമെങ്കിൽ ആധികാരികതയും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. അതിനായി കർശന നിബന്ധനകളും ബിൽ മുന്നോട്ട് വെക്കുന്നുണ്ട്.
പഴയ നിയമയത്തിലെ പരിമിതികൾ നീക്കം ചെയ്ത് ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരുകയാണ് ചെയ്തിട്ടുള്ളത്. അതോടൊപ്പം കോടതിക്ക് തുല്യമായ പരിശോധനാധികാരം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകാനുള്ള വ്യവസ്ഥയാണ് പ്രതിഷേധത്തിന് കാരണമായത്.






