അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പിഎഫ് പെന്‍ഷനില്‍ കേന്ദ്രവും മലക്കം മറിഞ്ഞു

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ കണക്കാക്കുന്ന പ്രോ റേറ്റാ ഉപയോഗിക്കുന്ന നിലപാടില്‍ വീണ്ടും തിരുത്തി കേന്ദ്രം. പെന്‍ഷന്‍ ഗണ്യമായി കുറയാന്‍ കാരണമായ പ്രോ റേറ്റാ രീതിയെ ഇപ്പോള്‍ പാര്‍ലമെന്റില്‍ കേന്ദ്രം ന്യായീകരിച്ചു. പ്രോ റേറ്റ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഉയര്‍ന്ന പെന്‍ഷന്റെ കാര്യത്തില്‍ പ്രോ റേറ്റാ രീതി ശരിയാണോ എന്ന വിഷയം സുപ്രീംകോടതി പരിഗണിച്ചിട്ടേയില്ലെന്ന വസ്തുത മറച്ചുവെച്ചാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നല്‍കിയത്. നേരത്തേ ഇതേ നിലപാട് ഇപിഎഫ്ഒയും (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കിയിരുന്നു.

തൊഴില്‍ മന്ത്രാലയം പറഞ്ഞതിലും തിരുത്ത്
വിരമിക്കുന്നതിനുമുന്‍പുള്ള 60 മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാകണം പെന്‍ഷന്‍ കണക്കാക്കാനെന്ന് നിര്‍ദേശിച്ച് 2023 മേയ് 31-ന് തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയ്ക്ക് കത്തയച്ചു. ഇതിനെ അവഗണിച്ച് പ്രോ റേറ്റയുമായി മുന്നോട്ടുപോകാന്‍ ഇപിഎഫ്ഒ എടുത്ത നിലപാട് കേന്ദ്രവും അംഗീകരിച്ചെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലൂടെ വ്യക്തമായത്. ഇതോടെ, പ്രോ റേറ്റാ വിഷയം ഇനി സുപ്രീംകോടതിയിലെത്തുമ്പോഴും കേന്ദ്രം ഈ നിലപാട് ആവര്‍ത്തിക്കുമെന്നുറപ്പായി.

ന്യായീകരണം സുപ്രീം കോടതിയെ കൂട്ടുപിടിച്ച്
പ്രോ റേറ്റാ രീതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് തൊഴില്‍ സഹമന്ത്രി ശോഭാ കരന്തലജെ സുപ്രീംകോടതിയെ കൂട്ടുപിടിച്ച് അതിനെ ന്യായീകരിച്ചത്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന്റെ (ഇ.പി.എസ്.) 12-ാം ഖണ്ഡികയില്‍ പറയുന്ന പ്രോ റേറ്റാ രീതി എല്ലാ വിഭാഗം പെന്‍ഷന്‍കാരേയും തുല്യമായി പരിഗണിക്കുന്നതാണ്. പെന്‍ഷന് അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പള പരിധിയുടെ അകത്തും പുറത്തുമുള്ളവരെ ഒരേപോലെ പരിഗണിക്കുന്നതാണ് പ്രോ റേറ്റാ രീതിയെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍, കേന്ദ്ര നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതും നിരാശാജനകവുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കില്ല
പിഎഫ് അംഗങ്ങളുടെ മിനിമം പെന്‍ഷന്‍ നിലവിലുള്ള ആയിരം രൂപയില്‍നിന്ന് വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തൊഴില്‍ മന്ത്രിയുടെ മറുപടിയില്‍ വ്യക്തമായ സൂചനയുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് 1,000 രൂപ തന്നെ നല്‍കുന്നത് ബജറ്റ് പിന്‍ബലത്തോടെയാണെന്ന വാദമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
അപേക്ഷകര്‍ 17.49 ലക്ഷം; കിട്ടിത്തുടങ്ങിയത് 1.24 ലക്ഷത്തിന് സുപ്രീം കോടതിയുടെ വിധി പ്രകാരം യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ ലഭിക്കാന്‍ രാജ്യത്ത് 17.49 ലക്ഷം പേര്‍ അപേക്ഷിച്ചെങ്കിലും അധികവിഹിതമടയ്ക്കാനാവശ്യപ്പെട്ട് ഇപിഎഫ്ഒ ഡിമാന്‍ഡ് ലെറ്ററയച്ചത് 4.27 ലക്ഷം പേര്‍ക്ക് മാത്രം. ഇതുപ്രകാരം വിഹിതം നിക്ഷേപിച്ചത് 2.33 ലക്ഷം പേരാണ്. അതില്‍ 1.24 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയതെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

X
Top