
ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ, നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തി. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളാണ് വീഡിയോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. ഹിന്ദി പതിപ്പിന് പങ്കജ് ത്രിപാഠി, തെലുങ്ക് പതിപ്പിന് റാണ ദഗ്ഗുബാട്ടി, മലയാളം പതിപ്പിന് സൗബിൻ ഷാഹിർ, കന്നഡ പതിപ്പിന് കിച്ച സുദീപ് എന്നിവർ ശബ്ദം നൽകിയപ്പോൾ, തമിഴ് പതിപ്പിന് സംവിധായകൻ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നൽകിയത്.
അപ്പോക്കലിപ്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം വ്യത്യസ്ത വിഭാഗങ്ങൾക്കിടയിലെ ആധിപത്യ പോരാട്ടങ്ങളും സംഘർഷങ്ങളും അതിൽ നിന്ന് ഉടലെടുക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോയിലൂടെ ചിത്രത്തിന്റെ വ്യത്യസ്തമായ ലോകവും ഗംഭീര ദൃശ്യാവിഷ്കാരവും ശക്തമായ ആക്ഷൻ രംഗങ്ങളും പ്രേക്ഷകശ്രദ്ധ നേടി.
അടിമുറൈ, മാൽഖംബ് തുടങ്ങിയ പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിനായി അഭിനേതാക്കൾ പ്രത്യേക മാർഷൽ ആർട്സ് പരിശീലനം നേടിയിരുന്നു. ഇതിലൂടെ കൂടുതൽ സ്വാഭാവികതയോടെയും പുതുമയോടെയും ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നത്.
ആര്യ, ദിനേഷ്, ഷബീർ, ശോഭിത ധൂലിപാല, കലൈയരസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, വിശാലമായ കഥാലോകവും ആവേശകരമായ ആക്ഷനും കൊമേഴ്സ്യൽ ഘടകങ്ങളും സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസിനായാണ് ചിത്രം ഒരുങ്ങുന്നത്. പ്രഖ്യാപനം മുതൽ തന്നെ പാ. രഞ്ജിത്തിന്റെ സംവിധാനവും ചിത്രത്തിന്റെ വ്യത്യസ്തമായ കഥാപശ്ചാത്തലവും സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോയും ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർന്നിരിക്കുകയാണ്.
ചിത്രത്തിന്റെ കലാസംവിധാനം എസ്. എസ്. മൂർത്തിയും ഛായാഗ്രഹണം രൂപേഷ് ഷാജിയും എഡിറ്റിംഗ് ആർ. കെ. സെൽവും നിർവഹിക്കുന്നു. ജി. വി. പ്രകാശ് കുമാർ സംഗീതവും ദിലീപ് സുബ്ബരായൻ ആക്ഷൻ കൊറിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു.
ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ, നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ‘വേട്ടുവം’, പാ. രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ പാൻ ഇന്ത്യൻ സംരംഭങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.






