
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി സമൂഹത്തിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ടെക് എ ബ്രേക്ക്’ പുതുക്കിയ ലോഗോയടക്കം ഏറെ പുതുമകളോടെ വീണ്ടും ആരംഭിച്ചു. വരും ദിവസങ്ങളില്‍ വ്യത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ടെക് എ ബ്രേക്കിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ‘എറര്‍ 404-ക്രിയേറ്റിവിറ്റി ഫൗണ്ട്’ എന്നതാണ് ടെക് എ ബ്രേക്ക് 2025 ന്‍റെ പ്രമേയം. ഐടി പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ മത്സരങ്ങളിലൂടെയും കലാ പ്രകടനങ്ങളിലൂടെയും അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നതാണ് പരിപാടി.
ഒരു ഇടവേളയ്ക്ക് ശേഷം ‘ടെക് എ ബ്രേക്ക്’ വീണ്ടും തുടങ്ങുന്നത് ഐടി സമൂഹത്തിന്‍റെ സര്‍ഗ്ഗാത്മകതയ്ക്ക് പുത്തനുണര്‍വ് പകരുമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. ടെക്കികളുടെ ബൗദ്ധികവും സര്‍ഗ്ഗാത്മവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും തിരക്കേറിയ ജോലി ഷെഡ്യൂളില്‍ നിന്ന് വിശ്രമവും വിനോദവും ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാക്കത്തോണ്‍, ക്വിസ്, പെയിന്‍റിംഗ്, ടെക് പ്രേമികള്‍ക്കുള്ള സൈബര്‍ സെക്യൂരിറ്റി മത്സരമായ ക്യാപ്ചര്‍ ദി ഫ്ളാഗ്, ട്രഷര്‍ ഹണ്ട്, ഷോര്‍ട്ട് ഫിലിം, കോമഡി സ്കിറ്റ്, മ്യൂസിക് ബാന്‍ഡ്, ഫാഷന്‍ ഷോ, ഡാന്‍സ് തുടങ്ങി നിരവധി പരിപാടികളും മത്സരങ്ങളും ടെക് എ ബ്രേക്ക് 2025 ന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനും ഒരുമിച്ച് കൂടാനും ഇത് വേദിയാകും. ഹാക്കത്തോണ്‍ ആണ് ഡിസംബര്‍ 23 ന് ആരംഭിക്കുന്ന ആദ്യ പരിപാടി. 2026 ഫെബ്രുവരി 6 ന് വിവിധ കമ്പനികളുടെ ടീമുകള്‍ അണിനിരക്കുന്ന ഗ്രാന്‍ഡ് ടാബ് ഘോഷയാത്രയോടെ ഗ്രാന്‍ഡ് ഫിനാലെയ്ക്കൊപ്പം ആഘോഷങ്ങള്‍ സമാപിക്കും.






