
ഏറെ കാത്തിരിപ്പിന് ശേഷമാണ് നവംബർ 25 ന് ടാറ്റ മോട്ടോഴ്സ് സിയാറയെ വിപണിയിലെത്തിച്ചത്. 11.49 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ എക്‌സ് ഷോറൂം വില. ഇപ്പോൾ പുതിയ സിയാറയുടെ കൂടുതല്‍ വകഭേദങ്ങളുടെ വില പുറത്തുവിട്ടിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് വാഹനം വരുന്നത്. എന്നാലിപ്പോൾ അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നീ രണ്ടു വേരിയന്റുകൾ ഒഴികെ ബാക്കിയുള്ളവയുടെ വില പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതൽ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും.
1.5 ലീറ്റർ പെട്രോൾ എൻജിനിൽ മാനുവൽ ട്രാൻസ്മിഷനിൽ സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+ എന്നീ വേരിയന്റുകളാണ് വരുന്നത്. ഇവയുടെ വിലകൾ യഥാക്രമം – സ്മാർട്ട്+ – 11.49 ലക്ഷം, പ്യുവർ – 12.99 ലക്ഷം, പ്യുവർ+ – 14.99 ലക്ഷം, അഡ്വഞ്ചർ – 15.29 ലക്ഷം, അഡ്വഞ്ചർ+ – 15.99 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.
1.5 ലീറ്റർ പെട്രോൾ എൻജിനിൽ ഡിസിടിയിൽ വേരിയന്റുകളായ പ്യുവറിന് 14.49 ലക്ഷവും പ്യുവർ+ന് 15.99 ലക്ഷവും അഡ്വഞ്ചറിന് 16.79 ലക്ഷവും ആണ് വില വരുന്നത്. 1.5 ടർബോ പെട്രോൾ എൻജിനിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ വരുന്ന അഡ്വഞ്ചർ+വേരിയന്റിന്റെ വില 17.99 ലക്ഷം രൂപ വിലയാണ്. 1.5 ലീറ്റർ ഡീസൽ എൻജിനിൽ മാനുവൽ ട്രാൻസ്മിഷനിൽ സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+ എന്നീ വേരിയന്റുകളാണ് വരുന്നത്. ഇവയുടെ വില യഥാക്രമം, സ്മാർട്ട്+ – 12.99 ലക്ഷം, പ്യുവർ – 14.99 ലക്ഷം, പ്യുവർ+ – 15.99 ലക്ഷം, അഡ്വഞ്ചർ – 16.49 ലക്ഷം, അഡ്വഞ്ചർ+ – 17.19 ലക്ഷം എന്നിങ്ങനെയാണ്. 1.5 ലീറ്റർ ഡീസൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ വരുന്ന വേരിയന്റുകളായ പ്യുവർ – 15.99 ലക്ഷം, പ്യുവർ+ – 17.49 ലക്ഷം, അഡ്വഞ്ചർ+ – 18.49 ലക്ഷം രൂപയാണ് വില വരുന്നത്.
പുതിയ 1.5 ലീറ്റർ ടിജിഡിഐ എൻജിനുമായിട്ടാണ് സിയാറ എത്തുന്നത്. 160 ബിഎച്ച്പി കരുത്തും 255 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റർ, 4 സിലിണ്ടർ ഡയറക്ട്-ഇൻജക്ഷൻ ടർബോചാർജ്ഡ് യൂണിറ്റാണ് ഇത്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്. കൂടാതെ 106 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വേരിയന്റും (അറ്റ്കിൻസൺ സൈക്കിൾ) ലഭ്യമാണ്, ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. ഡീസല്‍ മോഡലിൽ 118 എച്ച്പി കരുത്തുള്ള 1.5 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിന് 6-സ്പീഡ് മാനുവൽ (260Nm) കൂടാതെ 6-സ്പീഡ് ഓട്ടോമാറ്റിക് (280Nm) ഓപ്ഷനുകളും ലഭ്യമാണ്.
പുതിയ എസ്‌യുവിക്ക് അടിത്തറയാകുന്നത്, ഓൾ-ടെറൈൻ റെഡി, ഓമ്നി-എനർജി, ജിയോമെട്രി സ്കേലബിൾ (ARGOS) ആർക്കിടെക്ചറാണ്. ഇത് ഒന്നിലധികം ബോഡി സ്റ്റൈലുകൾക്കും CNG, ഹൈബ്രിഡ് എന്നിവയുൾപ്പെടെയുള്ള പവർട്രെയിനുകൾക്കും ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD), ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനങ്ങൾക്കും അനുയോജ്യമാണ്.
സിയാറയുടെ രണ്ടാം വരവ്
ഐതിഹാസിക മോഡലായ സിയറയുടെ തിരിച്ചുവരവോടെ വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാം എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീൻ ഡാഷ്‌ബോർഡ് ലേയൗട്ടുമായി എത്തുന്ന ആദ്യത്തെ വാഹനമാണ് സിയാറ. പഴയ സിയാറയുടെ മൊത്തത്തിലുള്ള ലുക്കുമായാണ് പുതിയ ടാറ്റ സിയാറയുടെ വരവ്. അപ്പോഴും കാലത്തിനൊത്ത മാറ്റങ്ങള്‍ ഡിസൈനില്‍ കൊണ്ടുവരാനും ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. സുരക്ഷയിൽ വളരെ മുന്നിലാണ് സിയാറ എന്ന് ടാറ്റ അവകാശപ്പെടുന്നു. രണ്ട് സിയാറകൾ 50 കിലോമീറ്റർ വേഗത്തിൽ കൂട്ടി ഇടിപ്പിച്ച് സുരക്ഷ പരിശോധന നടത്തിയാണ് പുതിയ സിയാറ എത്തിയിരിക്കുന്നത് എന്നാണ് ടാറ്റ പറയുന്നത്.
പഴയ സിയാറയുടെ സിഗ്നേച്ചര്‍ എന്ന് പറയാവുന്ന പിന്നിലെ കര്‍വ്ഡ് സൈഡ് വിന്‍ഡോസും തലയുയര്‍ത്തിയുള്ള ബോണറ്റിന്റെ നില്‍പും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും പുതു സിയാറയിലുമുണ്ട്. അതേസമയം റൂഫ്‌ലൈന്‍ ചെറുതാക്കിയും പുതിയ മോഡലുകളില്‍ കണ്ടുവരാറുള്ള സ്പ്ലിറ്റ് ഹെഡ്‌ലാംപ് നല്‍കിയും ഡിസൈനില്‍ പുതുമ നല്‍കിയിരിക്കുന്നു. പഴയ സിയാറക്ക് ആര്‍15 ടയറുകളായിരുന്നെങ്കില്‍ പുതിയ സിയാറയില്‍ കൂടുതല്‍ വലിയ 19 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്.
ഇല്ല്യുമിനേറ്റഡ് ലോഗോ വരുന്ന പുതിയ സ്റ്റിയറിംഗ് വീൽ, എസി കൺട്രോളുകൾക്കുള്ള ടച്ച് പാനൽ, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി ക്യാമറ, പവേർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയ്ക്കൊപ്പം ഫീച്ചർ ലോഡഡായ ഒരു ക്യാബിൻ എക്സ്പീരിയൻസും പുത്തൻ സിയാറയിലുണ്ട്. ആദ്യം, സിയാറയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഡീസൽ – പെട്രോൾ മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.





