ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ ₹5 ലക്ഷം കോടിയുടെ ഇടിവ്

ന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ അതികായന്മാരായ ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനികളുടെ പ്രകടനത്തിലുണ്ടായ ഇടിവ് ടാറ്റ ഗ്രൂപ്പിന്റെ ആകെ വിപണി മൂല്യത്തില്‍ (Market Capitalization) ഏകദേശം 5 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രൂപ്പിന്റെ കരുത്തായ ടിസിഎസ്, റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായ ട്രെന്റ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എന്നിവയാണ് ഈ ഇടിവിന് പ്രധാന കാരണമായത്.

ടിസിഎസിന് വന്‍ തിരിച്ചടി
ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ 44 ശതമാനത്തോളം കൈയാളുന്ന ഐടി ഭീമന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) മാത്രം കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്ക് നല്‍കിയത് വന്‍ നഷ്ടമാണ്.

ടിസിഎസ് ഓഹരികള്‍ 22 ശതമാനത്തോളം ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് മാത്രം 3.2 ലക്ഷം കോടി രൂപയോളമാണ് ഇല്ലാതായത്. ഒരു വര്‍ഷം മുമ്പ് 14,83,145 കോടിയായിരുന്ന കമ്പനിയുടെ വിപണി മൂല്യം ജനുവരി 5-ഓടെ 11,63,107 കോടി രൂപയായി കുറഞ്ഞു.

ആഗോളതലത്തില്‍ ഐടി മേഖലയിലുണ്ടായ മാന്ദ്യവും അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളും എച്ച്-1 ബി വിസ നിരക്കുകളിലെ വര്‍ധനയുമാണ് കമ്പനിക്ക് തിരിച്ചടിയായത്.

ട്രെന്റും ടാറ്റ മോട്ടോഴ്സും കിതയ്ക്കുന്നു
കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന റീറ്റെയ്ല്‍ ശൃംഖലയായ ട്രെന്റിനും (Trent) ഈ വര്‍ഷം പിടിച്ചുനില്‍ക്കാനായില്ല. ഓഹരി വിലയില്‍ 39 ശതമാനത്തിലധികം ഇടിവുണ്ടായതോടെ ട്രെന്റിന്റെ വിപണി മൂല്യത്തില്‍ 1.02 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.

മൂന്നാം പാദത്തിലെ ബിസിനസ് അപ്ഡേറ്റില്‍ വളര്‍ച്ചാ നിരക്ക് 20 ശതമാനത്തിന് താഴേക്ക് പോയത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 40-50 ശതമാനം വളര്‍ച്ച കാഴ്ചവച്ച സ്ഥാനത്താണിത്. വളര്‍ച്ചയിലെ ഇടിവും അമിതമായ വാല്യൂവേഷനുമാണ് ഓഹരിക്ക് തിരിച്ചടിയായത്. ചൊവ്വാഴ്ച മാത്രം ഓഹരി വില 8 ശതമാനം ഇടിഞ്ഞു.

ടാറ്റ മോട്ടോഴ്സില്‍ നിന്നും വിഭജിക്കപ്പെട്ട ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (TMPV) വിഭാഗത്തിന് ജാഗ്വാര്‍ ലാന്‍ഡ് റോവറിലുണ്ടായ സൈബര്‍ ആക്രമണവും വിദേശ വിപണിയിലെ താരിഫ് പ്രശ്‌നങ്ങളും തിരിച്ചടിയായി.

കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനാല്‍ ‘ജെ.എം ഫിനാന്‍ഷ്യല്‍’ ഈ ഓഹരിക്ക് ‘റെഡ്യൂസ്’ (Reduce) റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

ഗ്രൂപ്പിലെ മറ്റു വീഴ്ചക്കാര്‍
തേജസ് നെറ്റ്‌വര്‍ക്ക്‌സ്‌ 62 ശതമാനം ഇടിവോടെ ഗ്രൂപ്പില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഓഹരിയായി മാറി. ഒരു വര്‍ഷത്തിനിടെ ഓഹരി വില 62% ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് 13,038 കോടി രൂപ നഷ്ടമായി.

ഇന്ത്യന്‍ ഹോട്ടല്‍സ്, വോള്‍ട്ടാസ്, ടാറ്റ ടെക്, ടാറ്റ എല്‍ക്‌സി, ടാറ്റ കെമിക്കല്‍സ്, ടാറ്റ ടെലിസര്‍വീസസ്, ടാറ്റ പവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ 5,000 കോടി മുതല്‍ 11,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തി.

തിളക്കമായി ടാറ്റ സ്റ്റീലും ടൈറ്റനും
തിരിച്ചടികള്‍ക്കിടയിലും ടാറ്റ ഗ്രൂപ്പിന് ആശ്വാസം നല്‍കിയത് മെറ്റല്‍, ജുവല്‍റി മേഖലകളാണ്. സ്റ്റീല്‍ മേഖലയിലുണ്ടായ മുന്നേറ്റം ടാറ്റ സ്റ്റീലിന്റെ ഓഹരി വിലയില്‍ 34 ശതമാനം വര്‍ധനവുണ്ടാക്കി. ഇത് ഗ്രൂപ്പിന്റെ വിപണി മൂല്യത്തിലേക്ക് 59,177 കോടി രൂപ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടം ടൈറ്റന്‍ കമ്പനിക്കും തുണയായി. 18 ശതമാനത്തിലധികം വളര്‍ച്ച നേടിയ ടൈറ്റന്‍, 55,926 കോടി രൂപയുടെ അധിക മൂല്യം നിക്ഷേപകര്‍ക്ക് നല്‍കി. മൂന്നാം പാദത്തിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ഐടി മേഖലയിലെ അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളും വരും മാസങ്ങളില്‍ ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് നിക്ഷേപക ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

X
Top