
മുംബൈ: ഇലക്ട്രോണിക്‌സ് മാനുഫാക്ച്വറിംഗ് സര്‍വീസ് കമ്പനിയായ സിര്‍മ എസ്ജിഎസ് ടെക്‌നോളജി 19 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 262 രൂപയിലും എന്‍എസ്ഇയില്‍ 260 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. 220 രൂപയായിരുന്നു ഐപിഒ വില.
ഐപിഒയിലെ മികച്ച പ്രകടനം കൂടിയ തുകയിലുള്ള ലിസ്റ്റിംഗിലേയ്ക്കായിരുന്നു വിരല്‍ ചൂണ്ടിയിരുന്നത്. ഓഗസ്റ്റ് 12 ന് തുടങ്ങിയ ഐപിഒ 35 മടങ്ങ് അധികമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ചെറുകിട നിക്ഷേപകര്‍ തങ്ങള്‍ക്ക് ലഭ്യമായ ഓഹരികളേക്കാള്‍ 5.53 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപന ഇതര നിക്ഷേപകര്‍ 17.5 മടങ്ങ് അധികവും നിക്ഷേപസ്ഥാപനങ്ങള്‍ 87.56 മടങ്ങ് അധികവും ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്തു.
840 കോടി പബ്ലിക് ഓഫറിനായി 19,400 തുകയുടെ ഡിമാന്റ് സംജാതമായി. 2.86 കോടി യൂണിറ്റ് ഓഹരികള്‍ക്ക് 93.15 കോടി സബ്‌സ്‌ക്രിപ്ഷനാണ് ലഭ്യമായത്. ഐപിഒയ്ക്ക് മുന്നോടിയായി 25 കോടി രൂപ ആങ്കര്‍നിക്ഷേപകരില്‍ നിന്നും സ്വരൂപിക്കാന്‍ കമ്പനിയ്ക്കായിരുന്നു.
ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് സേവനങ്ങളില്‍ (ഇഎംഎസ്) ഏര്‍പ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക എഞ്ചിനീയറിംഗ്, ഡിസൈന്‍ കമ്പനിയാണ് സിര്‍മ എസ്ജിഎസ്. വൈവിദ്യമാര്‍ന്ന അന്തിമ ഉപയോഗ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്. 2022 മാര്‍ച്ച് പാദത്തില്‍ മികച്ച വരുമാനവും പ്രവര്‍ത്തനവരുമാനവും നേടാന്‍ കമ്പനിയ്ക്കായിരുന്നു.
2022 ല്‍ പ്രവര്‍ത്തന വരുമാനം 43 ശതമാനം വര്‍ധിപ്പിച്ച് 1,266.6 കോടി രൂപയാക്കി. 840 കോടി രൂപയാണ് ഐപിഒ വഴി സിര്‍മ എസ്ജിഎസ് ടെക്‌നോളജി സമാഹരിച്ചത്. ഇതില്‍ 766 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴിയും 74 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലിലൂടെയുമാണ്.






