
മുംബൈ/ ബെംഗളൂരു: പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വിഗ്ഗി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി ബോഡിയായ സെബിക്ക് കമ്പനി യുഡിആര്‍എച്ച്പി (അപ്ഡേറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്റ്റസ്) സമര്‍പ്പിച്ചു. ഐപിഒക്ക് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24ന് സെബി സ്വിഗ്ഗിക്ക് ഒബ്‌സർവേഷൻ ലെറ്റർ കൈമാറിയിരുന്നു. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 185,286,265 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വിഗ്ഗിക്കൊപ്പം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ആക്‌മി സോളാർ ഹോൾഡിംഗ്‌സ്, വിശാൽ മെഗാ മാർട്ട്, മമത മെഷിനറി എന്നീ കമ്പനികൾക്കും ഐപിഒയ്ക്കായുള്ള സെബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ എതിരാളിയായ സൊമാറ്റോയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിഗ്ഗിയുടേത് കുറഞ്ഞ മൂല്യനിർണ്ണയം (വാല്യൂവേഷൻ) ആയിരിക്കുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്. റവന്യൂ വളർച്ചയും ഓർഡറുകളും അതുപോലെ ലാഭക്ഷമതയും ക്രമീകരിച്ചുകൊണ്ട് സൊമാറ്റോ നടത്തിയ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി ഓർഡർ വാല്യൂ, ഫുഡ് ഡെലിവറി ഗ്രോസ് ഓർഡർ വാല്യൂ തുടങ്ങിയ പ്രധാന അളവുകോലുകളിൽ സ്വിഗ്ഗി പിന്നിലാണ്.






