മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

സബ്സ്ക്രിപ്ഷൻ ലൈഫിലേക്ക് മാറുന്ന തലമുറ

  • രേഷ്മ കെ.എസ്.

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ വന്ന മാറ്റങ്ങളിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് സ്വന്തമാക്കൽ അഥവാ ഓണർഷിപ് സംസ്കാരത്തിൽ നിന്നും സബ്സ്ക്രിപ്ഷൻ സംസ്കാരത്തിലേക്കുള്ള ചേക്കേറൽ. വീടുകൾ, വാഹനങ്ങൾ, ഫർണിച്ചർ, സോഫ്റ്റ്‌വെയറുകൾ, എന്നുവേണ്ട വസ്ത്രങ്ങൾ വരെ സ്വന്തമായി വാങ്ങി സൂക്ഷിക്കുന്നതിനേക്കാൾ, ആവശ്യാനുസരണം വാടകയ്ക്കെടുത്ത്  ഉപയോഗിക്കുന്ന ആശയം യുവജനങ്ങൾ ഏറ്റെടുക്കുത്ത് കഴിഞ്ഞു. വിപുലമായ തൊഴിലവസരങ്ങൾ, വിദേശത്തേക്കുള്ള കുടിയേറ്റം, മൊബിലിറ്റി, ചെലവ് നിയന്ത്രണം, ട്രെൻഡുകളോടുള്ള അടുപ്പം എന്നിവയെല്ലാം സബ്സ്ക്രിപ്ഷൻ ലൈഫ് സംസ്ഥാനത്തെ യുവാക്കളുടെ ജീവിതശൈലിയുടെ ഭാഗമാക്കാൻ നിർബന്ധിതരാക്കി.

സ്വന്തമാക്കലിന്റെ ഭാരം വഴിമാറിയപ്പോൾ
ഭൂമിയും സ്ഥലവും വാഹനങ്ങളും വസ്തുക്കളുമെല്ലാം സ്വന്തമായി വാങ്ങി സുരക്ഷിതമായി സൂക്ഷിച്ച് ജീവിക്കുകയെന്നത് പഴയ തലമുറ ജീവിതത്തിലെ നിർണായ കാര്യങ്ങളിൽ ഒന്നായിയാണ്രി പരിഗണിച്ചിരുന്നത്. സ്വന്തം വീട് ഇല്ലാതെ ജീവിതം അപൂർണമെന്ന് കരുതിയവർ, വായ്പ എടുത്ത് ജീവിതകാലം മുഴുവൻ തിരിച്ചടച്ച്, കടക്കാരനായി സ്വന്തമാക്കലിൽ അഭിമാനം കണ്ടെത്തിയിരുന്നു. എന്നാൽ, പുതിയ തലമുറയ്ക്ക് സ്വന്തം എന്നതിനേക്കാൾ സ്വാതന്ത്ര്യം,സമാധാനം എന്നതിലാണ് ശ്രദ്ധ.

പഠിക്കാനും ജോലി ചെയ്യാനാമായി നഗരങ്ങളിലേക്കെത്തുന്നവർക്ക് സ്വന്തമായി വീട് വാങ്ങുന്നതിനേക്കാൾ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതാണ് എളുപ്പം. ഭവന വായ്പ എടുത്താൽ വർഷങ്ങൾക്കോളം ബാങ്കിന്റെ പിടിയിൽ കഴിയേണ്ടിവരും. അതിനേക്കാൾ ഷെയറിംഗ് ഫ്ലാറ്റുകളും, മാസ വാടകയ്ക്കുളള അപ്പാർട്മെന്റുകളും എന്നിവ ലഭിക്കും. മികച്ച സൗകര്യങ്ങളും ഇഷ്ടങ്ങളും നോക്കി ജോലി സ്ഥലത്തിനടുത്തോ ദൂരെയോ ഉളള സ്ഥലം തെരഞ്ഞെടുക്കാം. ഇവ കണ്ടെത്താൻ നിരവധി സൈറ്റുകളും ലഭ്യം.

വാഹനങ്ങളുടെ വില, ഇന്ധന ചെലവ്, മെയ്ന്റനൻസ്, ഇൻഷുറൻസ് തുടങ്ങി സ്ഥിരം ഭാരങ്ങൾ ഒഴിവാക്കാൻ യുവാക്കൾ ഇന്ന് റാപ്പിഡോ, ഓല, ഊബർ തുടങ്ങിയ സേവനങ്ങളെ ആശ്രയിക്കുകയാണ്. രണ്ട് ദിവസം യാത്രയ്ക്ക് പോകാൻ വേണമെങ്കിൽ കാർ വാടകയ്‌ക്ക് എടുക്കും. നഗരത്തിൽ ജോലിക്ക് പോകാൻ ബൈക്ക്,സൈക്കിൾ എന്നിവ വാടകയ്ക്കെടുക്കുന്നു. ആഭരണങ്ങൾ സ്വന്തമായി വാങ്ങുന്നതിന് പകരം വിവാഹങ്ങൾ, ചടങ്ങുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയ്ക്ക് ജ്വല്ലറികൾ വാടകയ്ക്കെടുക്കുന്നത് ട്രെൻഡായി മാറിക്കഴിഞ്ഞു. അതുപോലെ,ലാപ്ടോപ്, ഫർണിച്ചർ, ഹോം അപ്ലയൻസുകൾ എന്നിവ വരെ വാടകയ്ക്ക് ലഭിക്കും. പഴയ തലമുറയുടെ മനസ്സിൽ വാങ്ങുക എന്നാൽ സ്ഥിരതയെന്നായിരുന്നെങ്കിൽ, ഇന്നത്തെ തലമുറയ്ക്ക് വാടക എന്നാൽ സ്വാതന്ത്ര്യം, സൗകര്യമെന്നാണ്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സബ്സ്ക്രിപ്ഷൻ വിപ്ലവവും
യുവതലമുറയ്ക്ക് സബ്സ്ക്രിപ്ഷൻ ലൈഫ്‌സ്റ്റൈൽ സാധ്യമാക്കിയതിന് പിന്നിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളാണ് നിർണായക പങ്ക് വഹിച്ചത്. എല്ലാം വിരൽത്തുമ്പിലാവുകയും സമൂഹമാധ്യമങ്ങിലെ ലൈഫ്സ്റ്റൈലുകളും പരസ്യങ്ങളുമെല്ലാം വാടകയും സബ്സ്ക്രിപ്ഷൻ ലൈഫ്സ്റ്റൈലും പ്രോത്സാഹിപ്പിച്ചു. ഡിവിഡിയും സിഡിയും വാങ്ങി സൂക്ഷിച്ച് ഓരോ സിനിമകളും വീട്ടിൽ സ്വന്തമാക്കുന്ന പതിവ് പാടെ തച്ചുടച്ചാണ് നെറ്റ്ഫ്ളിക്സ്,ആമസോൺ പ്രൈം,സ്പോട്ടിഫൈ,ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ യുവാക്കൾക്കിടയിൽ തരംഗമായത്. ഒരു ഡിവിഡിയോ സിഡിയോ സ്വന്തമാക്കിയിരുന്ന വിലയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് സിനിമകൾ എന്ന ഓഫറുകളാണ് ലഭ്യമാക്കിയത്.

ഫിറ്റ്നസ് എക്വിപ്മെന്റ്സ് സ്വന്തമായി വാങ്ങാതെ സബ്സ്ക്രൈബ് ചെയ്താൽ അതേ ബ്രാൻഡിന്റെയോ അവരുമായി സഹകരിക്കുന്ന പങ്കാളികളുടെയോ രാജ്യത്തുടനീളമുളള ഏത് ജിമ്മും ഉപയോഗിക്കാം. അൺഅക്കാദമി,യുഡെമി,ബൈജൂസ്, അവോധ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ യുവാക്കളുടെ നൈപുണ്യശേഷി വികസനത്തിനും കരിയർ വളർച്ചയ്ക്കും ഗെയിം ചേഞ്ചറായി. സൊമാറ്റോ ഗോൾഡ്,സ്വിഗ്ഗി വൺ,ആമസോൺ പ്രൈം,ഫ്ലിപ്കാർട് പ്ലസ് എന്നിവയെല്ലാം സബ്സ്ക്രിപ്ഷനിലൂടെ ഓഫറുകൾ നൽകി ഇന്നത്തെ തലമുറയെ പിടിച്ചിരുത്തുന്നു. ഫ്രീലാൻസേഴ്സ്,സ്റ്റാർട്ടപ് സംരംഭകർ എന്നിവർക്കെല്ലാം സ്വന്തം ഓഫീസിന് പകരമായി കോ വർക്കിംഗ് സബ്സ്ക്രിപ്ഷനുകൾ ആശ്വാസമേകി. കൊച്ചിയിൽ ആരംഭിച്ച സ്പേസ് വൺ എന്ന കോ വർക്കിംഗ് സംരംഭം വൻ വിജയമായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുളള തയ്യാറെടുപ്പിലാണ്.

സാമൂഹിക-സാമ്പത്തിക പ്രതിഫലനങ്ങൾ
സബ്സ്ക്രിപ്ഷൻ സംസ്കാരം ജീവിതശൈലിയിൽ മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്കും വഴിതെളിക്കുന്നു. സ്വന്തമാക്കൽ ബാധ്യത കുറയുകയും എന്തും എപ്പോഴും സബ്സ്ക്രൈബ് ചെയ്യാമെന്നും ആയപ്പോൾ യുവതലമുറ സെറ്റിൽ ഡൗൺ ചെയ്യുന്നതിൽ നിന്നും മൂവ് എറൗണ്ട് ജീവിതശൈലിയിലേക്ക് മാറി. ഒരിടത്തും കുടുങ്ങാതെ സ്വതന്ത്രമായി എവിടേക്കും പോകാമെന്ന അവസ്ഥ വന്നതോടെ എവിടേക്കും പറിച്ച് നടാനും എപ്പോള്ഡ വേണമെങ്കിലും, എവിടേക്കും ജോലിക്കായി മാറാനും തയ്യാറായി. വലിയ വായ്പകളിൽ കുടുങ്ങാതെ, മാസ ചെലവുകൾ ക്രമീകരിച്ച്, പ്രവചിക്കാവുന്ന ജീവിതമായത് സബ്സ്ക്രിപ്ഷൻ ലൈഫ് നൽകുന്ന സുപ്രധാന നേട്ടങ്ങളിലൊന്നാണ്. ഫർണീച്ചർ റെന്റൽ, വസ്ത്ര റെന്റൽ,ഫാഷൻ റെന്റൽ,കോ വർക്കിംഗ് തുടങ്ങിയ രംഗങ്ങളിൽ സംസ്ഥാനത്ത് നിരവധി നവ സംരംഭകരാണെത്തുന്നത്.

സ്വന്തം വീട്, സ്വന്തം കാർ എന്നിവയൊന്നും ഇല്ലാതെ പോലും ജീവിതം മുന്നോട്ട് കൊണ്ടുപോകാം എന്ന് തിരിച്ചറിഞ്ഞപ്പോൾ, സമൂഹത്തിലെ സ്റ്റാറ്റസ് സിംബലുകൾ മാറുകയാണ്. പുതിയ ഐഫോൺ വാങ്ങുന്നതിൽ നിന്നും ഐഫോൺ അപ്ഗ്രേഡ് പ്രോഗ്രാം പോലുളള സബ്സ്ക്രിപ്ഷൻ രീതികളിലേക്ക് മാറുന്നവരാണ് അധികവും. കേരളത്തിലെ യുവജനങ്ങൾ വാങ്ങലുകൾ എന്ന ആശയം ഒഴിവാക്കി ഉപയോഗിക്കുക എന്ന ആശയം സ്വീകരിക്കുന്നവരായി മാറിക്കഴിഞ്ഞു. മൊബിലിറ്റി, സ്വാതന്ത്ര്യം, പുതുപുത്തൻ പ്രവണതകളോട് ചേർന്നു നിൽക്കാനുളള അവസരം, സാമ്പത്തിക സൗകര്യങ്ങൾ എന്നിവയ്ക്കാണ് ഇന്നത്തെ തലമുറ പ്രാധാന്യം നൽകുന്നത്. ഈ മാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ സൃഷ്ടിക്കുന്ന ചലനങ്ങളും ചെറുതല്ല.

X
Top