
. സോളാർ ഊർജത്തെ സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയെന്നതാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്
കൊച്ചി: സോളാർ ഊർജത്തെ സാധാരണക്കാരായ ജനങ്ങളിലേക്കും വീടുകളിലേക്കും കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഏറ്റവും വലിയ സോളാർ ട്രേഡ് അസോസിയേഷനായ മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വിപുലമായ സോളാർ എക്സിബിഷൻ ‘കേരള ആർ ഇ എക്സ്പോ’ തൃപ്പൂണിത്തുറ പുതിയകാവ് ഗ്രൗണ്ടിൽ തുടങ്ങി. ഞായറാഴ്ച അവസാനിക്കുന്ന ഈ എക്സ്പോ സോളാർ എനർജിയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കാനുള്ള ഒരു പ്രധാന വേദിയായി മാറുകയാണ്. തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ പി എൽ ബാബു എക്സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10.30ന് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎൽഎ മുഖ്യാതിഥിയാകും. വർഷംതോറും കേരളത്തിലെ വിവിധ മേഖലകളിൽ ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് അസോസിയേഷൻ, ഇത്തവണ പ്രധാനമായും സോളാർ ഊർജത്തെ സാധാരണ വീട്ടുകാർക്കും ചെറുകിട വ്യാപാരികൾക്കും പ്രായോഗികമായി എത്തിക്കുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“സോളാർ ഊർജം വൻകിട വ്യവസായങ്ങൾക്കും കെട്ടിടങ്ങൾക്കും മാത്രമുള്ള സാങ്കേതികവിദ്യയല്ലെന്നും ഓരോ വീടിനും, ചെറിയ കടകൾക്കും, വർക്ക്‌ഷോപ്പുകൾക്കുമെല്ലാം വളരെ കുറഞ്ഞ ചെലവിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചു ദീർഘകാല ലാഭം നേടാമെന്നും സംഘാടകർ പറഞ്ഞു. പ്രദർശനത്തിൽ പ്രമുഖ സോളാർ കമ്പനികളുടെ സ്റ്റാളുകളും പുതുതായി അവതരിപ്പിക്കുന്ന സാങ്കേതികവിദ്യകളും ലൈവ് ഡെമോകളും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം, സർക്കാർ സബ്സിഡി പദ്ധതികളെപ്പറ്റിയുള്ള സുതാര്യമായ വിവരങ്ങളും, ഇൻസ്റ്റലേഷൻ പ്രക്രിയ, ബാറ്ററി സ്റ്റോറേജ്, നെറ്റ് മീറ്ററിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുമായി നേരിട്ടു സംവദിക്കാനുള്ള അവസരവും എക്സ്പോ ഒരുക്കുന്നു. സോളാർ സ്ഥാപിച്ചാൽ വൈദ്യുതി ബിൽ വൻതോതിൽ കുറയ്ക്കാൻ കഴിയുമെന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഊർജ സ്വയംപര്യാപ്തതയ്ക്കും വലിയ സംഭാവന നൽകാമെന്നുമായി സംഘാടകർ നിരീക്ഷിക്കുന്നു. “ജനങ്ങൾ കൂടുതൽ സോളാർ സൊല്യൂഷനുകൾ സ്വീകരിച്ചാൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾ ഒരു പരിധി വരെ സ്വന്തം വീടുകളിൽ തന്നെ നിറവേറ്റാൻ കഴിയുന്ന കാലം ദൂരെയല്ല,” ഭാരവാഹികൾ പറഞ്ഞു.
അതോടൊപ്പം, സോളാർ മേഖലയിൽ ഉയർന്നുവരുന്ന പുതിയ തൊഴിൽ സാധ്യതകളും സംരംഭകത്വ അവസരങ്ങളും യുവാക്കൾക്കായി തുറന്നു തരുന്ന വേദിയായി ഈ എക്സ്പോ മാറുന്നു. ഇൻസ്റ്റലേഷൻ ടെക്നീഷ്യൻമാർ, മെയിന്റനൻസ് എക്സ്പെർട്ടുകൾ, സെയിൽസ് കൺസൾട്ടന്റുകൾ തുടങ്ങിയ മേഖലകളിൽ നൂറുകണക്കിന് പുതിയ കരിയർ അവസരങ്ങൾ വരും വർഷങ്ങളിൽ സൃഷ്ടിക്കപ്പെടുമെന്ന പ്രവചനങ്ങളും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. സോളാർ ഊർജം സ്വപ്നമല്ല, പ്രായോഗികവും ലാഭകരവുമായ യാഥാർഥ്യമാണെന്ന് ജനങ്ങൾക്ക് നേരിട്ട് കാണിക്കാനാണ് ഈ എക്സ്ബോ ലക്ഷ്യമിടുന്നത്.






