
മുംബൈ: ഇന്ത്യക്കാരുടെ ഇടയിൽ സ്വർണത്തോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പണയം വെച്ചിരുന്ന സ്വർണം, ഇന്ന് കൃത്യമായ പ്ലാനിംഗിലൂടെ ആവശ്യങ്ങൾക്കായി വായ്പയാക്കി മാറ്റുന്നവരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയരുകയാണ്.
ആർ.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ (എൻ.ബി.എഫ്.സി) വഴിയുള്ള സ്വർണ്ണ വായ്പകളിൽ 2026 ജൂണിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വളർച്ചയുണ്ടായിട്ടുള്ളത്.
മുൻപ് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് മാത്രമായിരുന്നു സ്വർണം ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ആളുകൾ ഗോൾഡ് ലോണുകളെ ആശ്രയിക്കുന്നു.
പേഴ്സണൽ ലോണുകളെ അപേക്ഷിച്ച് എളുപ്പത്തിൽ ലഭിക്കുന്നതും കുറഞ്ഞ രേഖകൾ മതിയെന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. വിപണിയിൽ സ്വർണവില ഉയർന്നത് കൂടുതൽ തുക വായ്പയായി ലഭിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ, ഗ്രാമീണ മേഖലകളിൽ അടക്കം ബാങ്കിംഗ് സ്ഥാപനങ്ങളുടെ സാന്നിധ്യം കൂടിയത് പ്രാദേശിക പലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിച്ചു.
ജനങ്ങളുടെ ഇടയിൽ ബാങ്കിംഗ് അവബോധം വർദ്ധിച്ചതിന്റെയും ഡിജിറ്റലൈസേഷൻ വേഗത്തിലായതിന്റെയും ലക്ഷണമായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്.
ലോക്കറുകളിൽ വെറുതെ സൂക്ഷിക്കുന്ന സ്വർണം സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കുന്ന പുതിയൊരു സംസ്കാരത്തിലേക്ക് ഇന്ത്യൻ കുടുംബങ്ങൾ മാറിക്കഴിഞ്ഞു.






