ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ഭാരതി എയര്‍ടെല്ലിനും ടാറ്റ ടെലിസര്‍വീസസിനും തിരിച്ചടി; 10,000 കോടി രൂപയുടെ എജിആര്‍ കുടിശിക ഇന്ന് അടച്ചുതീര്‍ക്കണം

മുംബൈ: ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും ടാറ്റ ടെലിസര്‍വീസസിനും തിരിച്ചടിയായി കേന്ദ്ര ടെലികോം വകുപ്പിന്റെ (DoT) കര്‍ശന നിര്‍ദ്ദേശം. വോഡഫോണ്‍ ഐഡിയക്ക് (Vi) ലഭിച്ചതുപോലെയുള്ള ഇളവുകള്‍ ഈ കമ്പനികള്‍ക്ക് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതനുസരിച്ച് ഏകദേശം 10,000 കോടി രൂപയുടെ എജിആര്‍ (Adjusted Gross Revenue) കുടിശിക മാര്‍ച്ച് 31-നകം കമ്പനികള്‍ അടച്ചുതീര്‍ക്കേണ്ടി വരും.

വോഡഫോണ്‍ ഐഡിയയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രത്യേക നിലപാട് തങ്ങള്‍ക്കും ബാധകമാക്കണമെന്ന എയര്‍ടെല്ലിന്റെയും ടാറ്റയുടെയും ആവശ്യം ടെലികോം വകുപ്പ് തള്ളി. ഓരോ കമ്പനിയുടെയും സാമ്പത്തിക സാഹചര്യം വ്യത്യസ്തമാണെന്ന വിലയിരുത്തലിലാണ് ഈ നടപടി.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കുടിശിക തുക പൂര്‍ണമായും നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.

ഭാരതി എയര്‍ടെല്‍ 5,000 കോടി രൂപയിലധികവും ടാറ്റ ടെലിസര്‍വീസസ് 4,000 കോടി രൂപയിലധികവും എജിആര്‍ (AGR) കുടിശികയായി അടയ്ക്കാനുണ്ട്. ഓരോ ഗഡുക്കളിലും കൃത്യസമയത്ത് അടയ്ക്കാത്തതുകൊണ്ട് വന്നുചേര്‍ന്ന പലിശ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ തുക ഇനിയും വര്‍ധിക്കും.

വോഡഫോണിന് ആശ്വാസം
വോഡഫോണ്‍ ഐഡിയക്ക് എജിആര്‍കുടിശിക 87,695 കോടി രൂപയായി നിജപ്പെടുത്തിയതായും ഇത് 2041 വരെയുള്ള 16 വര്‍ഷ കാലയളവിനുള്ളില്‍ ഘഡുക്കളായി തിരിച്ചടയ്ക്കാന്‍ അനുവദിച്ചതായും 2025 ഡിസംബര്‍ 31-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ കുടിശികയുടെ ഭൂരിഭാഗവും 10 വര്‍ഷത്തിന് ശേഷമായിരിക്കും കമ്പനി അടച്ചുതുടങ്ങേണ്ടി വരിക. ഈ പശ്ചാത്തലത്തിലാണ് എയര്‍ടെല്ലും ടാറ്റ ടെലി സര്‍വീസസും ഇതേ ആവശ്യമുന്നയിച്ചത്.

അതേസമയം, വോഡഫോണ്‍ ഐഡിയയുടെ എജിആര്‍ കുടിശിക ടെലികോം വകുപ്പിന്റെ ഒരു സമിതി പുനഃപരിശോധിച്ചു വരികയാണ്. ഈ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇതോടെ കമ്പനി അടയ്‌ക്കേണ്ട അന്തിമ തുകയില്‍ ഗണ്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം ഇളവുകള്‍ മറ്റ് കമ്പനികള്‍ക്ക് ലഭ്യമാകില്ല.

2021 സെപ്റ്റംബറില്‍ ടെലികോം കമ്പനികള്‍ക്ക് അനുവദിച്ച നാല് വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷമാണ് എജിആര്‍ തിരിച്ചടവ് ഷെഡ്യൂള്‍ നിലവില്‍ വരുന്നത്. ഈ മൊറട്ടോറിയം 2024-25 കാലയളവില്‍ അവസാനിച്ചു. കമ്പനികള്‍ 2025-26 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ആറ് വാര്‍ഷിക ഗഡുക്കളായി തുക അടച്ചുതുടങ്ങേണ്ടതായിരുന്നു.

വിപണിയിലെ സ്വാധീനം
സര്‍ക്കാരിന്റെ ഈ കര്‍ശന നിലപാട് ടെലികോം മേഖലയിലെ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വന്‍തുക പെട്ടെന്ന് കണ്ടെത്തേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക അടിത്തറയെ ബാധിച്ചേക്കാം. എന്നാല്‍ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് ടെലികോം വകുപ്പ് നല്‍കുന്നത്.

വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്നലെ ടാറ്റ ടെലി സര്‍വീസസ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ വലിയ ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ ടെലി സര്‍വീസസ് ഓഹരി വില മൂന്നര ശതമാനത്തോളം ഇടിഞ്ഞ് 31.97 രൂപയിലെത്തി. ഭാരതി എയര്‍ടെല്‍ രണ്ട് ശതമാനത്തോളം താഴ്ന്ന് 1,803.20 രൂപയായി.

X
Top