
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം നടത്തി.ധനകാര്യം, ബാങ്കുകള്‍, ഓട്ടോമൊബൈല്‍, ഉപഭോക്തൃ ഓഹരികള്‍ എന്നിവയിലെ നേട്ടത്തെത്തുടര്‍ന്നാണിത്. സെന്‍സെക്‌സ് 221 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 63,548 ലും എന്‍എസ്ഇ നിഫ്റ്റി 46 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 18,863 ലുമാണുള്ളത്.
എച്ച്ഡിഎഫ്‌സി ലൈഫ്, അള്‍ട്രാടെക് സിമന്റ്, ഹീറോ മോട്ടോകോര്‍പ്പ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. ഡിവിസ് ലാബ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ല, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടം നേരിട്ടു. 15 മേഖല സൂചികകളില്‍ 12 എണ്ണവും ഉയര്‍ന്നിട്ടുണ്ട്.
നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ യഥാക്രമം 1.06 ശതമാനം, 0.33 ശതമാനം, 0.46 ശതമാനം, 0.22 ശതമാനം, 0.57 ശതമാനം എന്നിങ്ങനെ നിലമെച്ചപ്പെടുത്തിയപ്പോള്‍ നിഫ്റ്റി ഫാര്‍മ,മെറ്റല്‍,ഹെല്‍ത്ത് നഷ്ടത്തിലായി. നിഫ്റ്റി മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.05 ശതമാനവും 0.61 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്. ആഗോള സൂചികകള്‍ പ്രത്യേകിച്ചും ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമാണെന്ന്, മേഹ്ത ഇക്വിറ്റീസ്, സീനിയര്‍ വിപി (റിസര്‍ച്ച്), പ്രശാന്ത് തപ്‌സെ അതേസമയം മുന്നറിയിപ്പ് നല്‍കുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിന്റെ കോണ്‍ഗ്രഷണല്‍ സാക്ഷ്യപ്പെടുത്തലിലേയ്ക്കാണ് വിപണി ഉറ്റുനോക്കുന്നത്. നിരക്ക് വര്‍ദ്ധന തുടരുമെന്ന് യുഎസ് കേന്ദ്രബാങ്ക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.ചൈനീസ് ഡിമാന്റ് കുറയുന്നത് കാരണം ക്രൂഡ് ഓയില്‍ വിലയിടിയുകയും ചെയ്യുന്നു.
സെന്‍സെക്‌സും നിഫ്റ്റിയും എന്നാല്‍ പോസീറ്റീവ് പ്രവണത നിലനിര്‍ത്തും.






