
മുംബൈ: 21 സ്ഥാപനങ്ങള്‍ക്ക് ക്യാപിറ്റല്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)1.05 കോടി രൂപ പിഴ ചുമത്തി. സണ്‍സ്റ്റാര്‍ റിയാലിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ (എസ്ആര്‍ഡിഎല്‍) ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണിത്. 5 ലക്ഷം രൂപ വീതം പിഴ, ഈ സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം അടക്കണം.
സണ്‍സ്റ്റാര്‍ റിയാലിറ്റി ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ (എസ്ആര്‍ഡിഎല്‍) ഓഹരി വ്യാപാരത്തിനിടെ പിഎഫ് യുടിപി (വഞ്ചനാപരവും അന്യായവുമായ വ്യാപാര സമ്പ്രദായങ്ങളുടെ നിരോധനം) ലംഘനം നടന്നിട്ടുണ്ടെന്ന കാര്യം സെബി കണ്ടെത്തി. 2015 ജൂണ്‍ മുതല്‍ 2016 മാര്‍ച്ച് വരെ തുടര്‍ന്ന അന്വേഷണത്തിലാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. വഞ്ചനാപരമായ വ്യാപാരം, ഇന്‍സൈഡര്‍ ട്രേഡിംഗ് എന്നിവയാണ് സ്ഥാപനങ്ങള്‍ നടത്തിയ കൃത്യങ്ങള്‍.
അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ലിമിറ്റഡ് ട്രസ്റ്റി, ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 11 പേരെ മ്യൂച്വല്‍ ഫണ്ടുകള്‍, ഇതര നിക്ഷേപ ഫണ്ടുകള്‍, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നിവയില്‍ നിന്ന് വിലക്കാനും സെബി തയ്യാറായി. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിനുള്ള ശിക്ഷാ നടപടിയാണ് ഇത്. കൂടാതെ ട്രസ്റ്റിയൊഴികെയുള്ള 10 പേരെ ഒരു വര്‍ഷത്തേയ്ക്ക് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്നും വിലക്കുകയും ചെയ്തു.






