
മുംബൈ: ലിസ്റ്റുചെയ്ത സ്ഥാപനങ്ങളില്‍ കോര്‍പ്പറേറ്റ് ഭരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിയന്ത്രണ ചട്ടക്കൂട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശിച്ചു. പ്രത്യേക അവകാശങ്ങള്‍ ചില ഓഹരിയുടമകളുടെ കൈകളില്‍ ശാശ്വതമായി കേന്ദ്രീകരിക്കുന്നതാണ് പ്രധാനമായും സെബി പരിഗണിച്ചത്. അത്തരം പ്രത്യേക അവകാശങ്ങള്‍ ഓരോ 5 വര്‍ഷത്തിലും ഷെയര്‍ഹോള്‍ഡര്‍ അംഗീകാരത്തിന് വിധേയമായിരിക്കണം.
മാത്രമല്ല വിജ്ഞാപനം ചെയ്ത തീയതി മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഇവ പുതുക്കണം. കമ്പനികളുടെ പ്രമോട്ടര്‍മാരും സ്ഥാപകരും പ്രത്യേക അവകാശങ്ങള്‍ ശാശ്വതമായി ആസ്വദിക്കുന്നതിനെതിരെ സ്ഥാപന ഓഹരിയുടമകള്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെബി നിര്‍ദ്ദേശം.
ലിസ്റ്റ് ചെയ്ത എന്റിറ്റികളുടെ കരാറുകള്‍ ബൈന്‍ഡിംഗ്, ലിസ്റ്റഡ് എന്റിറ്റികളിലെ ‘ബോര്‍ഡ് പെര്‍മനന്‍സി’ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും റെഗുലേറ്റര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌കീം ഓഫ് അറേഞ്ച്മെന്റ്’ ചട്ടക്കൂടിന് പുറത്തുള്ള ആസ്തികളുടെ വില്‍പ്പന, നിര്‍മാര്‍ജനം അല്ലെങ്കില്‍ പാട്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരമാണ് പരിഗണനയിലുള്ളത്.
കൂടാതെ, ബോര്‍ഡിലേക്ക് നിയമിക്കപ്പെട്ട എല്ലാ ഡയറക്ടര്‍മാരും ആനുകാലിക ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരം നേടേണ്ടതുണ്ട്. അതുവഴി ഡയറക്ടര്‍ക്ക് ബോര്‍ഡില്‍ തുടരുന്നതിന് നിയമസാധുത ലഭിക്കും. ചില തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക്- പ്രമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍- ബോര്‍ഡില്‍ സ്ഥിര അംഗത്വം നല്‍കുന്ന ലിസ്റ്റഡ് കമ്പനികളുടെ തീരുമാനം ആശങ്കപരത്തിയിരുന്നു.
ഈ ആശങ്കകള്‍ കണക്കിലെടുത്താണ് മേല്‍വിവരിച്ച നിര്‍ദ്ദേശം.ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരമില്ലാതെ ബോര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ഏതെങ്കിലും ഡയറക്ടര്‍ ഉണ്ടെങ്കില്‍, ലിസ്റ്റ് ചെയ്ത സ്ഥാപനം, ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി വാങ്ങണം.
ഈ നിര്‍ദ്ദേശങ്ങളില്‍ മാര്‍ച്ച് 7 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.






