
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) ലെന്‍സ്‌ക്കാര്‍ട്ട് സമര്‍പ്പിച്ച കരട് രേഖകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചു. ഇതോടെ ഒമ്‌നിചാനല്‍ കണ്ണട റീട്ടെയ്‌ലര്‍ക്ക് പൊതുവിപണിയില്‍ പ്രവേശനം സാധ്യമാകും.
2150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13.2 കോടി ഓഹരികള്‍ വില്‍പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് (ഒഎഫ്എസ്) ഐപിഒ. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എസ് വിഎഫ്, ആല്‍ഫ വേവ് വെഞ്ച്വേഴ്‌സ്, ടെമാസക്ക്‌സ് അഫ്‌ലിയേറ്റ്‌സ്, പ്രേംജി ഇന്‍വെസ്റ്റ്, കെദാര കാപിറ്റല്‍ എന്നിവ ഒഎഫ്എസില്‍ ഓഹരി വിറ്റഴിക്കും.
പ്രമോട്ടമര്‍മാരില്‍ പെയൂഷ് ബന്‍സാല്‍ 2 കോടി ഓഹരികളും നെഹാ ബന്‍സാല്‍, അമിത് ചൗദരി, സുമീത് കപാഹി എന്നിവര്‍ ചെറിയ പങ്കാളിത്തവുമാണ് ഓഫ് ലോഡ് ചെയ്യുക. നിലവില്‍ കമ്പനിയുടെ 19.96 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരാണ് കൈവശം വയ്ക്കുന്നത്. 80.4 ശതമാനം നിക്ഷേപ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നു.
ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന വിപുലീകരണത്തിന് ഉപയോഗിക്കും. മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇവര്‍ പൊതുഇഷ്യുവിന് ഒരുങ്ങുന്നത്. 2025 സാമ്പത്തികവര്‍ഷത്തില്‍ 297.3 കോടി രൂപ അറ്റാദായം രേഖപ്പെടുത്താന്‍ സാധിച്ചു.
വരുമാനം 23 ശതമാനം ഉയര്‍ന്ന് 6652.5 കോടി രൂപ. ഇത് രണ്ട് വര്‍ഷത്തില്‍ 33 ശതമാനം സിഎജിആര്‍ വളര്‍ച്ചയാണ്. ഗ്രോസ് മാര്‍ജിന്‍ 500 ബേസിസ് പോയിന്റുയര്‍ന്ന് 69 ശതമാനമായി.
2008 ല്‍ സ്ഥാപിതമായ ലെന്‍സ്‌ക്കാര്‍ട്ട് ഇന്ത്യയിലും വിദേശത്തുമായി 2,000 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളായ സോഫ്റ്റ് ബാങ്ക്, എഡിഐഎ,ടെമാസെക്ക്, കെകെആര്‍,ആല്‍ഫ വേവ്, ടിപിജി, കേദാര കാപിറ്റല്‍ എന്നിവയുടെ പിന്തുണയുള്ള സ്ഥാപനമാണിത്.