
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) ഓയോ പാരന്റിംഗ് കമ്പനി ഒറാവല്‍ സ്റ്റെയ്‌സ് സമര്‍പ്പിച്ച കരട് രേഖകള്‍ സെബി തള്ളി. പുതിയ രേഖകള്‍ സമര്‍പ്പിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഐപിഒ നീളുമെന്ന് ഉറപ്പായി.
8430 കോടി രൂപ സമാഹരിക്കാനായി സെപ്തംബര്‍ 2021 ലാണ് കമ്പനി കരട് രേഖകള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ സമര്‍പ്പിച്ചത്. വെബ്‌സൈറ്റ് പറയുന്നത് പ്രകാരം ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബി കമ്പനിയ്ക്ക് തിരിച്ചു നല്‍കി. പുതിയത് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
കാരണം വ്യക്തമല്ല. 2023 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതി ഫലങ്ങള്‍ കമ്പനി ഈയിടെ ഡിആര്‍എച്ച്പിഇല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപകുതിയില്‍ 63 കോടി രൂപയാണ് ലാഭം.
മുന്‍വര്‍ഷത്തില്‍ 230 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്. വരുമാനം 24 ശതമാനം ഉയര്‍ത്തി 2905 കോടി രൂപയാക്കി. പ്രവര്‍ത്തന പ്രകടനം മെച്ചപ്പെടുത്തുന്നതിന് പുറമെ, 2,785 കോടി രൂപയുടെ ക്യാഷ് കോര്‍പ്പസുണ്ടെന്നും കമ്പനി പറയുന്നു.