
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാക്കു കേട്ടാൽ ഇന്ത്യയ്ക്ക് ലാഭം പ്രതിവർഷം ഏകദേശം 27,000 കോടി രൂപ. ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങലിൽ മാറ്റം വരുത്തിയാൽ 300 കോടി ഡോളറിന്‍റെ ലാഭമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിലവിൽ റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്‍റെ ഒരു ഭാഗമെങ്കിലും വെനസ്വേലയിലേക്ക് മാറ്റിയാൽ ഇന്ത്യയ്ക്ക് പ്രതിവർഷം കോടികൾ ലാഭിക്കാമെന്ന് എസ്ബിഐ റിസർച്ച് റിപ്പോര്‍ട്ടിൽ പറയുന്നു. ഇങ്ങനെ മാറ്റുന്നതിലൂടെ ഉണ്ടാകുന്ന അധിക ചെലവ് പരിഗണിച്ചാലും ഇന്ത്യയ്ക്ക് ലാഭമുണ്ടാക്കാനുള്ള അവസരമുണ്ട്.
നിലവിൽ വെനസ്വേലൻ ക്രൂഡ് ഓയിൽ ബാരലിന് 51 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 10–12 ഡോളർ വരെ ഇളവ് അനുവദിക്കുമെങ്കിൽ ഇന്ത്യൻ എണ്ണകമ്പനികൾ സാമ്പത്തികമായി നേട്ടമുണ്ടാക്കുമെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങൽ വെനസ്വേലയിലേക്ക് മാറ്റുന്നതിൽ ഭൂമിശാസ്ത്രപരമായ ചില തടസങ്ങളുമുണ്ട്. ഇന്ത്യയിൽ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന രാജ്യമാണ് വെനസ്വേല. ഷിപ്പിങ് ദൂരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളേക്കാൾ 5 മടങ്ങും റഷ്യയേക്കാള്‍ രണ്ട് മടങ്ങും കൂടുതലാണ്. ഇത് ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ചെലവ് വർധിപ്പിക്കും.
ഇക്കാര്യത്തെ മറികടക്കുന്ന രീതിയിലുള്ള ഇളവുകൾ വെനസ്വേലൻ ക്രൂഡ് ഓയിലിന് ലഭിച്ചാൽ മാത്രമേ സാമ്പത്തികമായി നേട്ടമുണ്ടാകൂ. കൂടാതെ ബ്രെന്‍റ് ക്രൂഡുമായുള്ള വിലക്കുറവ്, ഇൻഷുറൻസ് ചെലവ്, ഷിപ്പിങിന് വേണ്ടി വരുന്ന സമയം, റിഫൈനിങ് ശേഷി തുടങ്ങിയ ഘടകങ്ങളും പരിഗണിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2020ന് ശേഷം റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് വലിയ തോതിൽ വർധിപ്പിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് വലിയ തോതിൽ ഡിസ്ക്കൗണ്ട് നൽകിയത് ഇന്ത്യൻ കമ്പനികൾ ഉപയോഗപ്പെടുത്തുകയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 30 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
എന്നാൽ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, അമേരിക്ക തുടങ്ങിയ 40 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനുള്ള അവസരം നിലവിൽ ഇന്ത്യയ്ക്കുണ്ട്. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം പല വിപണികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന തന്ത്രമായിരിക്കും ഇനി ഇന്ത്യ പുറത്തെടുക്കുകയെന്നാണ് വിലയിരുത്തൽ.
ഇന്ത്യ വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ–യുഎസ് വ്യാപാര കരാർ പ്രഖ്യാപിക്കപ്പെട്ടതെന്നും ശ്രദ്ധേയം. അമേരിക്കൻ വിപണിയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളും സൂചന നൽകുന്നുണ്ട്.
ഇതേ വാദം തന്നെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലെവിറ്റും ആവർത്തിക്കുന്നത്.






