
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസംഗ് യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോംപാക്ട് നെറ്റ്വര്‍ക്ക് ഇന്ത്യ (യുഎന്‍ ജിസിഎന്‍ഐ) യുമായി സഹകരിച്ച് തമിഴ്നാട്ടില്‍ ഡിജി അറിവ് ടെക് വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. ഡിജിറ്റല്‍, സ്‌റ്റെം (സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനാണു പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്‌റ്റെം ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍ സജ്ജമാക്കും.
യുഎന്‍ ജിസിഎന്‍ഐ നടത്തിയ പഠന ഫലങ്ങളും, ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ജീവനക്കാരുടെയും പ്രദേശവാസികളുടെയും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പരിപാടി രൂപകല്പന ചെയ്തത്. ബാല (ബില്‍ഡിംഗ് ആസ് ലേണിംഗ് എയ്ഡ്) ഡിസൈന്‍ അടിസ്ഥാനത്തിലുള്ള ക്ലാസ്‌റൂം മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍, സ്‌റ്റെം വിഷയങ്ങളിലെ പ്രവര്‍ത്തനാധിഷ്ഠിത പഠനം, അധ്യാപക പരിശീലനം, സ്‌പോര്‍ട്‌സ് കിറ്റുകള്‍, തമിഴ്-ഇംഗ്ലീഷ് മത്സരപരീക്ഷാ പുസ്തകങ്ങളുള്ള ലൈബ്രറികള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഹെല്‍ത്ത് അവയര്‍നസ് കാംപുകള്‍, സ്‌കൂള്‍ കമ്യൂണിറ്റി ആഘോഷങ്ങള്‍ തുടങ്ങി നിരവധി ഇടപെടലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.






