സംഹി ഹോട്ടല്‍സ് ലിമിറ്റഡ് ഇന്ന് ഏഴ് ശതമാനം പ്രീമിയത്തോടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തു. 126 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ഇന്നലെ എന്‍എസ്‌ഇയില്‍ 134.5 രൂപയിലും ബിഎസ്‌ഇയില്‍ 130.5 രൂപയിലുമാണ് വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഹരി അഞ്ച് ശതമാനം പ്രീമിയത്തോടെയാണ് ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്‌തിരുന്നത്. ലിസ്റ്റിംഗിനു ശേഷം 127.25 രൂപ വരെ ഇടിഞ്ഞ ഓഹരി പിന്നീട് 135.90 രൂപ വരെ ഉയരുകയും ചെയ്‌തു.
സെപ്‌റ്റംബര്‍ 14 മുതല്‍ 18 വരെയായിരുന്നു സംഹി ഹോട്ടല്‍സിന്റെ ഐപിഒ. 1370 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്.
1200 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 170 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ് എസ്) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒഎഫ്‌എസ് വഴി വിറ്റത്.
രാജ്യത്ത് 31 ഹോട്ടലുകളാണ് സംഹി ഹോട്ടല്‍സിന്റെ ഉടമസ്ഥതയിലുള്ളത്. ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ കമ്പനി 108.69 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 179.25 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 761.42 കോടി രൂപയായി വളര്‍ന്നു.
അതേ സമയം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളായി നഷ്‌ടം നേരിടുകയാണ് കമ്പനി. 2020-21ല്‍ 477.72 കോടി രൂപയായിരുന്ന നഷ്‌ടം 2022-23ല്‍ 338.59 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
കമ്പനിയുടെ മൂന്ന് പ്രധാന ഹോട്ടലുകളില്‍ നിന്നാണ് മൂന്നിലൊന്ന് വരുമാനവും ലഭിക്കുന്നത്.