
ഏറെ അലകളുയർത്തി ഐപിഒ വിപണിയിലെത്തിയ സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍, ഇൻഡോഗൾഫ് കോർപ് സയൻസസ് ഐപിഒകൾ ഇന്നലെയവസാനിച്ചു. മൂന്ന് ഐപിഒകളും പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
ആദ്യ ദിനത്തിൽ ഐപിഒയുടെ 60 ശതമാനം മാത്രമാണ് സംഭവ് സ്റ്റീൽസിന് നേടാനായതെങ്കിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഐപിഒ മുന്നേറി. 540 കോടി രൂപ സമാഹരിക്കാനാണ് സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലക്ഷ്യമിട്ടത്.
440 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും പക്കലുള്ള 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 77 രൂപ മുതല്‍ 82 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്.
റീട്ടെയിൽ വായ്പാ രംഗത്ത് സജീവമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പനയും നനഞ്ഞ തുടക്കമായിരുന്നെങ്കിലും ഓഹരികൾ ഗ്രേ മാർക്കറ്റിൽ മുന്നേറിയതോടെ ഐപിഒയുടെ രണ്ടും മൂന്നും ദിനങ്ങളിൽ മുന്നേറി.
ഐപിഒയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. വൻകിട നിക്ഷേപകർ ആദ്യദിനം ഒഴിഞ്ഞു നിന്നപ്പോൾ സ്ഥാപനേതര നിക്ഷേപകരും ചെറുകിട നിക്ഷേപകരുമാണ് വിപണിയിൽ സജീവമായത്. ജീവനക്കാരുടെയും ഓഹരി ഉടമകളുടെയും വിഹിതം യഥാക്രമം 166 ശതമാനവും 69 ശതമാനവും ആദ്യ ദിനം നേടിയിരുന്നു.
2,500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരായ എച്ച് ഡിഎഫ് സി ബാങ്കിന്റെ 10,000 കോടി രൂപയുടെ നിലവിലുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയത്.
ബാങ്കിതര മേഖലയിലുള്ള ഒരു സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആണിത്. കഴിഞ്ഞ രണ്ട് ദശകത്തിനുള്ളിലെ അഞ്ചാമത്തെ വലിയ ഐപിഒയും. എച് ഡിബിയുടെ വിജയത്തിനു പിന്നാലെ ഏഴോളം എൻബിഎഫ്സികൾ കൂടി വിപണിയലെത്താനാനൊരുങ്ങുകയാണ്.