മുംബൈ: സഹാറ-സെബി റീഫണ്ട് അക്കൗണ്ടിന്റെ ക്ലെയിം ചെയ്യപ്പെടാത്ത ഫണ്ടുകൾ കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന്റെ നിയമസാധുത സർക്കാർ പരിശോധിക്കുന്നു, പിന്നീട് ക്ലെയിമുകൾ തേടുന്ന നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള വ്യവസ്ഥയുണ്ട് ഇതിൽ.
കഴിഞ്ഞയാഴ്ച സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയിയുടെ മരണമാണ് ഫണ്ടിനെ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ഇ ഫണ്ട് രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ള കാലയളവിൽ റീഫണ്ടിനായി കുറച്ച് ക്ലെയിമുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
2012-ൽ സുപ്രീം കോടതി, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ഉത്തരവ് ശരിവെക്കുകയും, നിക്ഷേപകർക്ക് പലിശ സഹിതം ഫണ്ട് തിരിച്ചുനല്കുന്നതിനായി ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററുടെ പക്കൽ തുക നിക്ഷേപിക്കുന്നതിന് ഗ്രൂപ്പ് സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിംഗ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനും നിർദ്ദേശം നൽകുകയും ചെയ്തു.
നിക്ഷേപകർക്ക് റീഫണ്ട് ചെയ്യുന്നതിനായി പ്രത്യേക അക്കൗണ്ട് വഴി കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് തുക കൈമാറുന്നതിനുള്ള ഓപ്ഷൻ പരിഗണിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“വിധി വന്ന് 11 വർഷത്തിന് ശേഷവും സെബിയുടെ കീഴിലുള്ള ഡെഡിക്കേറ്റഡ് റീഫണ്ട് അക്കൗണ്ടിൽ നിന്ന് ക്ലെയിം ചെയ്യുന്നത്തിനായി അധികം പേരെ കണ്ടിട്ടില്ല.” അദ്ദേഹം പറഞ്ഞു.
“ദരിദ്രർക്ക് അനുകൂലമായ പരിപാടികൾക്കോ മറ്റേതെങ്കിലും പൊതുക്ഷേമത്തിനോ ഫണ്ട് ഉപയോഗിക്കാം,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു, നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് പ്രത്യേക വിൻഡോ സജ്ജീകരിക്കുമ്പോൾ ഇത് ചെയ്യാമെന്നും പ്രശ്നം നിയമപരമായി പരിശോധിക്കുമെന്നും പറഞ്ഞു.
ഈ വർഷം മാർച്ച് 31 വരെ, 48,326 അക്കൗണ്ടുകൾ ഉൾപ്പെട്ട 17,526 അപേക്ഷകൾക്കായി 138 കോടി രൂപ അടച്ചതിന് ശേഷം ഗ്രൂപ്പിൽ നിന്ന് തിരിച്ചുപിടിച്ച് പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിച്ച ആകെ തുക 25,163 കോടി രൂപയാണ്.
ഈ വർഷം ആദ്യം, മാർച്ചിലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, സഹാറ ഗ്രൂപ്പ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ യഥാർത്ഥ നിക്ഷേപകരുടെ നിയമാനുസൃത കുടിശ്ശികയുടെ വിതരണത്തിനായി 5,000 കോടി രൂപ സഹകരണ സംഘങ്ങളുടെ സെൻട്രൽ രജിസ്ട്രാർക്ക് കൈമാറുകയും റീഫണ്ടിനായി ഒരു സമർപ്പിത പോർട്ടൽ സൃഷ്ടിക്കുകയും ചെയ്തിരുന്നു.