
ന്യൂഡല്‍ഹി: ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിന്റെ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് നാവിയ്ക്ക് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അനുമതി. ഡ്രാഫ്റ്റ് പേപ്പറുകള്‍ അംഗീകരിച്ചതായി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒബ്‌സര്‍വേഷന്‍ ലെറ്ററില്‍ അറിയിക്കുകയായിരുന്നു. ഐപിഒ അനുമതി നല്‍കുമ്പോഴാണ് സെബി ഒബ്‌സര്‍വേഷന്‍ ലെറ്റര്‍ അയക്കുന്നത്.
ആക്‌സിസ് കാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എഡല്‍വൈയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ക്രെഡിറ്റ് സ്വീസ് എന്നീ നിക്ഷേപ സ്ഥാപനങ്ങളാണ് ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ്, ഇന്‍ഡസ് ലോ എന്നിവര്‍ നിയമോപദേഷ്ടാക്കളാകും. 2021 സാമ്പത്തികവര്‍ഷത്തില്‍ നാവി തങ്ങളുടെ വരുമാനം 780 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
തൊട്ടുമുന്‍പത്തെ വര്‍ഷത്തില്‍ ഇത് 251 കോടി രൂപമാത്രമായിരുന്നു. സ്ഥാപകനായ സച്ചിന്‍ ബന്‍സാലിന് 97 ശതമാനം ഓഹരികളാണ് നാവിയിലുള്ളത്. അതേസമയം ഐപിഒയില്‍ ഓഫര്‍ ഫോര്‍ സെയിലുണ്ടാകില്ലെന്ന് കമ്പനി പറഞ്ഞു.
അതായത് ഐപിഒയ്ക്ക് ശേഷവും കമ്പനിയുടെ നിയന്ത്രണം സച്ചിന്‍ ബന്‍സാലില്‍ കേന്ദ്രീകരിക്കും. ബന്‍സാലിന് പുറമെ സിഇഒ അങ്കിത് അഗര്‍വാള്‍, മുന്‍ എച്ച്ഡിഎഫ്‌സി എം.ഡി പരേഷ് സുഖ്തന്‍ക്കര്‍ എന്നിവര്‍ക്ക് നാവി ടെക്‌നോളജിയില്‍ ഓഹരിപങ്കാളിത്തമുണ്ട്. 4000 കോടിയാണ് നാവിയില്‍ ബന്‍സാലിന്റെ നിക്ഷേപം.
ഐപിഒ വഴി സമാഹരിക്കുന്ന 3,350 കോടി രൂപ അനുബന്ധകമ്പനികളായ നാവി ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡ്, നാവി ജനറല്‍ ഇന്‍ഷൂറന്‍സ് ലിമിറ്റഡ് എന്നിവയില്‍ നിക്ഷേപിക്കും.






