
കോട്ടയം: കനത്തമഴ മൂലം ആഗോളതലത്തില്‍ ഉത്പാദനം ഇടിഞ്ഞിട്ടും വില കൂടാതെ റബ്ബർ. സാധാരണ ചരക്ക് കുറവ് വരുമ്പോള്‍ ഉണ്ടാകുന്ന വിലയേറ്റം വിപണിയില്‍ പ്രകടമല്ല. വില 200-ന് മേലേക്ക് കുതിപ്പിന് ശ്രമിക്കുന്നില്ല.
കോട്ടയത്ത് വ്യാപാരിവില 190 രൂപയില്‍ തുടരുന്നു. ബോർഡ് പ്രസിദ്ധീകരിക്കുന്ന വില ആർഎസ്‌എസ് നാലിന് 198 രൂപയാണ്. ബാങ്കോക്കില്‍ അന്താരാഷ്ട്ര വില ആർഎസ്‌എസ് മൂന്നിന് 200.75 രൂപയാണ്. ആർഎസ്‌എസ് നാലിന് 199.95 രൂപയും. 200 കടന്നതു തന്നെ വളരെ ശ്രമകരമായാണ്.
ചരക്കിന്റെ 40 ശതമാനംവരെ വാങ്ങുന്ന ചൈനയിലെ വ്യാപാരികള്‍ പുലർത്തുന്ന മെല്ലെപ്പോക്ക് നയമാണ് ആഗോളതലത്തില്‍ വിലയേറ്റത്തിന് തടസ്സം.
ചൈന വ്യാവസായിക പ്രവർത്തനങ്ങള്‍ മുമ്പേപോലെ ഉഷാറാക്കിയിട്ടില്ല. അമേരിക്കൻ പകരച്ചുങ്ക വിഷയത്തില്‍ ഇപ്പോഴും തുടരുന്ന അനിശ്ചിതാവസ്ഥ അവരെ പിന്നാക്കംവലിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ഉത്പന്ന നീക്കത്തിന് തടസ്സമുണ്ടാക്കുമെന്ന ആശങ്ക പരത്തി. വിപണിയില്‍ ചരക്ക് കുറവുള്ളപ്പോള്‍ വാങ്ങിവെക്കാൻ താത്പര്യം കാട്ടുന്ന ഊഹക്കച്ചവടക്കാരും പിന്നാക്കംനില്‍ക്കുന്നു.
ഇന്തോനേഷ്യ, തായ്ലന്റ് എന്നിവിടങ്ങളില്‍ മഴ കാരണം ആറ്-10 ശതമാനം വരെ ഉത്പാദനം ഇടിയും എന്നാണ് ആ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോർട്ടുകള്‍. കേരളത്തിലും ഉത്പാദനം കുറഞ്ഞു. മഴമറ ഇടല്‍ കാര്യമായി പുരോഗമിച്ചില്ല.
ക്ഷാമം തുടരുകയും യുദ്ധസാഹചര്യം ഒഴിയുകയും ചെയ്താല്‍ വില 220-ന് മേലെ പോകുമെന്നാണ് പ്രതീക്ഷയെന്ന് ഉത്പാദകസംഘങ്ങളുടെ കൂട്ടായ്മ ജനറല്‍സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.