തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നയാരയുടെ ഓഹരി സ്വന്തമാക്കാൻ റിലയൻസ്

മുംബൈ: ഇന്ത്യയിലെ ഇന്ധന വിതരണരംഗത്തും ഒന്നാംസ്ഥാനം കൈപ്പിടിയിലാക്കാനുള്ള നീക്കവുമായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്.

സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജിയുടെ ഓഹരികൾ വാങ്ങാനുള്ള ചർച്ചകൾ റിലയൻസ് ഊർജിതമാക്കി. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ കൈവശമുള്ള നയാരയുടെ 49.13% ഓഹരികളാകും റിലയൻസ് വാങ്ങുക.

ഇന്ത്യയിൽ സ്വകാര്യമേഖലയിൽ ഏറ്റവുമധികം പമ്പുകളുള്ള എണ്ണക്കമ്പനിയാണ് നയാര. റോസ്നെഫ്റ്റിൽ നിന്ന് ഓഹരികൾ സ്വന്തമാക്കുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികളെ മറികടന്ന് റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണസംസ്കരണ കമ്പനിയായി മാറും.

നയാരയുടെ 6,750 പമ്പുകളും റിലയൻസിന് സ്വന്തമാകുമെന്നതാണ് ശ്രദ്ധേയ നേട്ടം. നയാരയുടെ മറ്റ് ഓഹരി ഉടമകളായ യുസിപി ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് (ഓഹരി പങ്കാളിത്തം 24.5%), ട്രഫിഗര (Trafigura – 24.5%) എന്നിവയും ഓഹരികൾ‌ വിറ്റൊഴിയാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

വർഷം 80.8 മില്യൻ ടൺ എണ്ണ സംസ്കരണശേഷിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണസംസ്കരണ കമ്പനി നിലവിൽ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് (ഐഒസി). റിലയൻസിന് ഗുജറാത്തിലെ ജാംനഗർ പ്ലാന്റിലുള്ളത് 68.2 മില്യൻ ടൺ ശേഷി.

നയാരയ്ക്ക് ഗുജറാത്തിലെ വാഡിനഗറിൽ 20 മില്യൻ ടണ്ണിന്റെ പ്ലാന്റുണ്ട്. നയാരയുടെ ഓഹരികൾ നേടുന്നതോടെ ഇതിന്മേലുള്ള നിയന്ത്രണവും റിലയൻസിനു സ്വന്തമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറി എന്ന നേട്ടവും ലഭിക്കും.

നിലവിൽ റിലയൻസിന് ഇന്ത്യയിലുടനീളമായി 1,972 പമ്പുകളേയുള്ളൂ. നയാരയുടെ 6,750 പമ്പുകൾ ഓഹരി ഇടപാടിന്റെ ഭാഗമായി റിലയൻസിനു ലഭിച്ചേക്കും. രാജ്യത്താകെ 97,366 പെട്രോൾ പമ്പുകളാണുള്ളത്. ഇതിൽ 90,000ലേറെയയും പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ കൈവശമാണ്.

റിലയൻസും നയാരയും തമ്മിലെ ചർച്ചകൾ ഇനിയും അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നത്. കമ്പനിയുടെ മൂല്യം സംബന്ധിച്ച് ഇനിയും ധാരണയിൽ എത്താനുണ്ട്. നേരത്തേ 20 ബില്യൻ ഡോളർ (ഏകദേശം 1.72 ലക്ഷം കോടി രൂപ) മൂല്യമാണ് നയാരയ്ക്ക് വിലയിരുത്തിയിരുന്നത്.

ഇതു നയാര 17 ബില്യൻ ഡോളറിലേക്ക് (1.46 ലക്ഷം കോടി രൂപ) നിജപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനേക്കാൾ താഴ്ന്ന മൂല്യമാണ് റിലയൻസ് തേടുന്നതെന്നാണ് സൂചനകൾ.

2017ലാണ് 12.9 ബില്യൻ ഡോളറിന് എസ്സാർ ഓയിലിനെ റോസ്നെഫ്റ്റ് ഏറ്റെടുത്തതും നയാര എന്ന ബ്രാൻഡ്നാമം നൽകിയതും. റഷ്യക്കുമേൽ യൂറോപ്യൻ യൂണിയനും മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങളും യുഎസും കൊണ്ടുവന്ന ഉപരോധം റഷ്യൻ എണ്ണക്കമ്പനികളെ സാമ്പത്തികമായി ഉലയ്ക്കുന്നുണ്ട്.

പശ്ചാത്തലത്തിലാണ് നയാര ഓഹരികൾ വിറ്റൊഴിയാനുള്ള റോസ്നെഫ്റ്റിന്റെ നീക്കം.
മലയാളിയായ പ്രസാദ് കെ. പണിക്കർ ആണ് നയാര എനർജിയുടെ ചെയർമാൻ.

നയാരയിൽ ചേരുംമുമ്പ് അദ്ദേഹം ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു.

X
Top