
റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്സ് വിഭാഗം 10 രൂപ മുതൽ ആരംഭിക്കുന്ന ഉൽപന്നങ്ങളുമായി പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി. ‘ബോംബെ ക്രീമറി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഐസ്ക്രീം ബ്രാൻഡിൽ കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ ലഭ്യമാകും.
പാക്കേജ്ഡ് ഗുഡ്സ് വിപണിയിലേക്കുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ പുതിയ നീക്കം.
ബോംബെ ക്രീമറി ഐസ്ക്രീമുകൾ നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമാണെന്നും ഉടൻ തന്നെ രാജ്യവ്യാപകമായി വിതരണത്തിനെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഉൽപന്നങ്ങളിൽ യഥാർഥ ഡെയറി ക്രീം ആണെന്നും കൃത്രിമ ചേരുവകൾ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
‘എത്തിപ്പിടിക്കാവുന്ന വിലയിൽ ആഗോള നിലവാരം’ എന്ന ഉറപ്പുമായാണ് ഉൽപന്നം വിപണിയിലിറക്കുന്നത്. പാലുൽപന്നങ്ങളിൽ കുറുക്കുവഴി വേണ്ടെന്ന ആശയത്തിലൂന്നിയാണ് ‘ബോംബെ ക്രീമറി’ ബ്രാൻഡിന് രൂപംനൽകിയതെന്ന് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു.
റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ഐസ്ക്രീം വിപണിയിലേക്ക് പ്രവേശിക്കുകയല്ല, ഇതൊരു ഉത്തരവാദിത്തമാണ്. യഥാർഥ ഡയറി ക്രീം ആണ് ഉപയോഗിക്കുന്നത്. തനത് രുചിയാണ് ഉറപ്പുനൽകുന്നത്. ഓരോ ഇന്ത്യൻ കുടുംബത്തിനും എത്തിപ്പിടിക്കാവുന്ന വിലയാണെന്നും അദ്ദേഹം പറഞ്ഞു.
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് റീട്ടെയ്ലിന്റെ ഭാഗമാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്.






