
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 5,537 കോടി രൂപ അറ്റാദായം. ബാങ്കിൻ്റെ അറ്റാദായം മുൻ പാദത്തിലെ 5,332 കോടി രൂപയിൽനിന്ന് 3.84 ശതമാനം വർധിച്ചു.
പലിശ വരുമാനം 28,158 കോടി രൂപയായി. ബാങ്കിൻ്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 12.01 ശതമാനം വളർന്ന് 24.75 ലക്ഷം കോടി രൂപയിലെത്തി. മൊത്തം വായ്പകൾ 18.53 ശതമാനം വർധിച്ച് 11.56 ലക്ഷം കോടി രൂപയായപ്പോൾ നിക്ഷേപം 6.87 ശതമാനം ഉയർന്ന് 13.19 ലക്ഷം കോടി രൂപയായി.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) വായ്പകൾ 22.39 ശതമാനവും റീട്ടെയിൽ വായ്പകൾ 11.24 ശതമാനവും വളർന്നു. റീട്ടെയിൽ, കാർഷികം, എംഎസ്എംഇ വിഭാഗങ്ങളിലെ മൊത്തം വായ്പാവളർച്ച 14.65 ശതമാനമാണ്.
ബാങ്കിൻ്റെ മൊത്ത നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) 2.42 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തിസ്തി (നെറ്റ് എൻപിഎ) 0.42 ശതമാനമായും കുറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം 17.94 ശതമാനമാണ്.
ആസ്തികളിലെ വരുമാനം 1.38 ശതമാനവും ഓഹരി മൂലധനത്തിലെ വരുമാനം 17.21 ശതമാനവുമാണ്. രണ്ടാം പാദത്തിൽ യൂണിയൻ നാരി ശക്തി പദ്ധതിയിലൂടെ വനിതാ സംരംഭകരുടെ 1,995 അപേക്ഷകൾക്ക് 346 കോടി രൂപയുടെ വായ്പ അനുവദിച്ചതായും ബാങ്ക് അറിയിച്ചു.






